വിരുപ്പാക്ക സഹകരണ സ്പിന്നിംഗ് മിൽ: ജീവനക്കാർക്ക് 5000 രൂപ ഓണം അഡ്വാൻസ്
1587751
Saturday, August 30, 2025 1:31 AM IST
വടക്കാഞ്ചേരി: അടച്ചുപൂട്ടിയ വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിലെ ജീവനക്കാർക്ക് ഓണത്തിന് സഹായമായി 5,000 രൂപ അഡ്വാൻസ് അനുവദിക്കാൻ മാനേജ്മെന്റുമായി സംസാരിച്ച് ധാരണയായതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
സഹകരണ സ്പിന്നിംഗ് മില്ലിലെ നിലവിലുള്ള സ്ഥിരം ജീവനക്കാർക്ക് ഈ ഓണത്തിന് അഡ്വാൻസായി 5,000 രൂപ വീതവും 2023 ഫെബ്രുവരിയിലെ ശമ്പള - വേതന ഇനത്തിൽ നൽകാനുള്ള കുടിശികയും നൽകാൻ തീരുമാനമായി. കൂടാതെ അടഞ്ഞുകിടക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തൊഴിൽവകുപ്പിൽനിന്നു ലഭിക്കുന്ന 2,000 രൂപയുടെ ധനസഹായം വിരുപ്പാക്ക മില്ലിലെ ജീവനകാർക്കുകൂടി ലഭിക്കുന്നതിനായി തൃശൂർ അസിസ്റ്റന്റ് ലേബർ ഓഫീസർക്ക് ലിസ്റ്റ് കൈമാറിയിട്ടുണ്ട്. തൃശൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം പുനരാരംഭിച്ച് സ്ഥാപനത്തെയും ജീവനക്കാരെയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിരന്തരം നിയമസഭയിലും വ്യവസായവകുപ്പിലും ആവശ്യം ഉന്നയിച്ചിരുന്നു.