ഓണവിപണി കീഴടക്കാൻ റെഡിമെയ്ഡ് പൂക്കളവും
1587505
Friday, August 29, 2025 1:23 AM IST
സി.ജി. ജിജാസൽ
തൃശൂർ: തിരക്കൊഴിയാത്ത നഗരജീവിതത്തിനിടയിൽ പൂക്കൾ പറിക്കാനോ പറന്പ് ചുറ്റാനോ ആർക്കു നേരം. വിഷമിക്കേണ്ട, പൂപറിക്കാൻ നേരമില്ലാത്തവർക്കും വിപണിയിലെ പൂവിലകേട്ട് കൈവിരൽ കടിക്കുന്നവർക്കുമായി റെഡിമെയ്ഡ് പൂക്കളങ്ങൾ തയാർ. പൂക്കൾക്കു പകരമായി നിറങ്ങളുടെ സ്ഥിരതയും ഭംഗിയും വാഗ്ദാനംചെയ്യുന്ന തുണിപ്പൂക്കളങ്ങളാണ് ഓണവിപണിയിൽ താരമാകുന്നത്. പൂവിന്റെ മണവും തനിമയും കൈവിട്ടാലും ഈ ഓണപ്പൂക്കളം ഒരിക്കലും മങ്ങുകയില്ല; വീണ്ടും ഉപയോഗിക്കുകയുമാവാം.
കൊൽക്കത്ത വഴിയെത്തുന്ന പൂക്കളങ്ങൾ ജമന്തി, ജറപറ, ചെണ്ടുമല്ലി തുടങ്ങി മലയാളിക്കു സുപരിചിതമായ പൂക്കളുടെ രൂപത്തിലാണ്. ചൈനീസ് വസ് തുക്കൾ ഉപയോഗിച്ചാണു പൂക്കളങ്ങൾ നിർമിച്ചിരിക്കുന്നത്. ത്രീഡി മോഡലുകളിൽനിന്ന് ചവിട്ടിപോലെ ഇടാവുന്ന ഡിസൈ നുകളിലും ലഭ്യമാണ്. വില 150 മുതൽ 750 വരെ. ജമന്തിപ്പൂവിൽമാത്രം അലങ്കരിച്ച ആറു നിറങ്ങളിലുള്ള പൂക്കളങ്ങൾ 40 മോഡലുകളിൽ ലഭ്യമാണ്. നിലത്തുവച്ചാൽ ഉയർന്നുനിൽക്കുന്ന ത്രീഡി മാതൃകയിലുള്ള ജറപറ പൂക്കളത്തിനാണ് ആവശ്യക്കാർ കൂടുതൽ.
ഫ്ലാറ്റുകളിലും ഓഫീസുകളിലും വിദേശത്തു ബന്ധുക്കൾക്കൊപ്പം ഓണം ആഘോഷിക്കാൻ പോകുന്നവരുമാണ് ഇവ കൂടുതലായി വാങ്ങുന്നത്. അത്തത്തിനു മുന്പുതന്നെ സ്റ്റോക്കിന്റെ ഭൂരിഭാഗവും വിറ്റുപോയെന്നും പൊടിപിടിച്ചാലും മണ്ണിൽവീണാലും തട്ടിക്കളയുകയോ കഴുകുകയോ ചെയ്താൽ വീണ്ടും പുതിയതുപോലെ ഉപയോഗിക്കാൻ കഴിയുമെന്നതാണു പ്രത്യേകതയെന്നും തൃശൂർ പുത്തൻപള്ളിക്കു സമീപത്തെ കേരള ഫാൻസി ഉടമ ഷബീർ പറഞ്ഞു.