അഴിയാക്കുരുക്കിന്റെ ദേശീയപാത
1587244
Thursday, August 28, 2025 12:58 AM IST
ചിറങ്ങരയിൽ കളക്ടറുടെ
സൈറ്റ് ഇൻസ്പെക്ഷൻ
കൊരട്ടി: ദേശീയപാത ചിറങ്ങരയിൽ ജില്ലാ കളക്ടർ അർജുൻപാണ്ഡ്യന്റെ നേതൃത്വത്തിൽ സൈറ്റ് ഇൻസ്പെക്ഷൻ നടന്നു. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു പരിശോധന. സർവീസ് റോഡുകളുടെ ടാറിംഗ് അടക്കമുള്ള കഴിഞ്ഞ ദിവസങ്ങളിലെ നിർമാണപുരോഗതികൾ നേരിൽ കാണുന്നതിനും അടിപ്പാത നിർമാണത്തോടനുബന്ധിച്ച് പ്രദേശത്ത് രൂപപ്പെടുന്ന ഗതാഗതക്കുരുക്കും ദുരിതങ്ങളും വിലയിരുത്താനുമാണ് സംഘം എത്തിയത്.
കളക്ടർ വരുന്നതറിഞ്ഞ് മുരിങ്ങൂരിലെ റോക്കി ടയറിനു സമീപത്തുള്ള സർവീസ് റോഡിലൂടെ മാത്രം വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമായി. ജില്ലാ കളക്ടർക്ക് പുറമെ ജില്ല പോലീസ് മേധാവി (റൂറൽ) ബി. കൃഷ്ണകുമാർ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, തൃശൂർ ആർടിഒ, സബ് കളക്ടർ (ഡിസാസ്റ്റർ മാനേജ്മെന്റ്), ട്രാഫിക് നോഡൽ ഓഫീസ് ഡിവൈഎസ്പി, എൻഎച്ച്എഐ പ്രോജക്ട് എൻജിനീയർ അമൽ, കരാർ കമ്പനി (പിഎസ്ടി ) പ്രോജക്ട് മാനേജർ ചന്ദ്രശേഖരൻ, ചൈതന്യ കൺസൾട്ടൻസി മാനേജർ അബ്ദുൾ ഖാദർ എന്നിവരാണ് സ്ഥലം സന്ദർശിക്കാനെത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മുരിങ്ങൂരിലും ചിറങ്ങരയിലും നടന്ന സർവീസ് റോഡിന്റെ ടാറിംഗ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയെത്തുടർന്ന് കുഴികൾ രൂപപ്പെട്ട് തകർന്ന് തുടങ്ങിയിട്ടുണ്ട്.
കൊരട്ടി ജംഗ്ഷനിൽ
നാലുവാഹനങ്ങൾ കൂട്ടിയിടിച്ചു
കൊരട്ടി: ദേശീയപാത കൊരട്ടി ജംഗ്ഷനിൽ നാലുവാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചു. നാലു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയായിരുന്നു സംഭവം. മുന്നിലെ വാഹനം പൊടുന്നനെ ബ്രേക്ക് പിടിച്ചതിനെത്തുടർന്ന് വാഹനങ്ങൾ ഓരോന്നായി കൂട്ടിയിടിക്കുകയായിരുന്നു. കൊരട്ടി പോലീസ് സ്ഥലത്തെത്തിയിരുന്നു.