ലോറിക്കാരുടെ അനാസ്ഥ; ചാവക്കാട് നഗരം ചെളിക്കുണ്ടായി
1587521
Friday, August 29, 2025 1:23 AM IST
ചാവക്കാട്: ദേശീയപാത 66 നിർമാണ കമ്പനിയുടെ ടോറസ് ലോറികളിൽ നിന്ന് ചുവന്ന മണ്ണും കല്ലുകളും റോഡുനീളെ പതിച്ചത് ദുരിതമായി. ലോറികളിൽ അമിതമായി മണ്ണ് കയറ്റിയതിനെ തുടർന്ന് ലോറിയുടെ പിൻഭാഗത്തെ വാതിൽ തുറന്ന് മണ്ണും കല്ലും റോഡിൽ പതിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ലോറി തടഞ്ഞ് ഡ്രൈവർമാരെ വിവരം ധരിപ്പിച്ചെങ്കിലും വകവയ്ക്കാതെ ലോറി ഓടിച്ചുപോയെന്ന് നാട്ടുകാർ പറയുന്നു. മണത്തല, ചാവക്കാട് സെന്റർ, ഒറ്റത്തെങ്ങ് തുടങ്ങിയിടത്താണ് ചുവന്നമണ്ണിന്റെ അഭിഷേകം. ഇതിൽ ചാവക്കാട് സെന്റർ കനത്ത മഴയിൽ തീർത്തും ചെളിക്കുണ്ടായി.അമിതമായി ചരൽ മണ്ണ് കയറ്റിയ ലോറികളുടെ പിൻവാതിൽ ശരിയായ രീതിയിൽ അടക്കാത്തതാണ് മണലും കല്ലുകളും റോഡിൽ വിടാൻ കാരണമായതെന്ന് പറയുന്നു.
റോഡിന്റെ ഇരുവശത്തെ കടകളുടെ മുൻഭാഗങ്ങളും ചെളിയിലാണ്. ചാവക്കാട് നഗരസഭയിലെ ഒരു സംഘം ശുചീകരണ തൊഴിലാളികൾ ഗുരുവായൂർ അഗ്നിസേനയുടെ സഹായത്തോടെ മണിക്കൂറുകളോളം പണിയെടുത്താണ് ടൗണിലെ അപകട ചെളി നീക്കിയത്.