യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: രണ്ടാംപ്രതിക്കു 14 വർഷം കഠിനതടവ്
1587000
Wednesday, August 27, 2025 2:12 AM IST
ചാവക്കാട്: കുട്ടികൾ കളിച്ച പന്ത് ദേഹത്തു തട്ടിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ നാലുപേരെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാംപ്രതിക്കു കഠിനതടവും പിഴയും. മുതുവട്ടൂർ തെരുവത്ത് തനൂഫി(35)നെയാണ് 14 വർഷവും ഒരുമാസവും കഠിനതടവിനും 75,000 രൂപ പിഴയടയ്ക്കാനും ചാവക്കാട് അസിസ്റ്റന്റ് സെഷൻസ്കോടതി ശിക്ഷിച്ചത്. കുരഞ്ഞിയൂർ സ്വദേശികളായ മച്ചിങ്ങൽ വിഷ്ണു(28), പുഴങ്ങരയിലത്ത് ആഷിക്(29), കൊച്ചഞ്ചേരി അർസൽ(29), പാലിയത്ത് ഫിറോസ്(49) എന്നിവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണു വിധി.
ഒന്നാംപ്രതി ചാവക്കാട് ആലുംപടി പോക്കാക്കില്ലത്ത് ഷഹസി(39)നെ 14 വർഷവും ഒരുമാസവും കഠിനതടവിനും 75,000 പിഴയടയ്ക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ ഒൻപതുമാസം കഠിനതടവിനും കഴിഞ്ഞ ഏപ്രിലിൽ ശിക്ഷിച്ചിരുന്നു. അന്നു രണ്ടാംപ്രതി ഹാജരായിരുന്നില്ല.
2018 സെപ്റ്റംബറിലാണു വധശ്രമം നടന്നത്. കുരഞ്ഞിയൂരിൽ കുട്ടികൾ ജെല്ലിബോൾ കളിക്കുന്പോൾ പ്രതികളുടെ ദേഹത്തുതട്ടിയതു സംബന്ധിച്ച വാക്കുതർക്കത്തെത്തുടർന്നുള്ള വിരോധമാണ് വധശ്രമത്തിൽ എത്തിയത്.
പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത് കുമാർ ഹാജരായി.