അടിപൊളിയാണ് ന്യൂജെൻ ഓണക്കോടി
1587506
Friday, August 29, 2025 1:23 AM IST
രാജേഷ് പടിയത്ത്
തൃശൂർ: കാലം മാറിയതനുസരിച്ച് ഓണക്കോടിയിലും മാറ്റങ്ങൾ. കുട്ടികൾക്കും ചെറുപ്പക്കാർക്കും ഓണക്കോടിയിലെ പുതി യ ഫാഷൻ തരംഗത്തോടാണ് താത്പര്യം. യുവതലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞുകൊണ്ട് മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും കേരള ഡിസൈനുകൾ നിറഞ്ഞ ടീ ഷർട്ടും ലുങ്കിയും ചുരിദാറുമൊക്കെ ഓണവിപണി നിറയുന്നു.
നേരത്തേ ഓണ്‍ലൈൻവഴി മാത്രം ലഭിച്ചിരുന്ന ഓണം ഡിസൈൻ വസ്ത്രങ്ങൾ ഇപ്പോൾ തുണിക്കടകളിൽ സുലഭം. വൻഡിമാൻഡാണ് ഓണം ഡിസൈൻ വസ്ത്രങ്ങൾക്ക്. ചെറുപ്പക്കാരും കുട്ടികളുംതന്നെയാണ് ഇതു കൂടുതലായി വാങ്ങുന്നതെന്നു വസ്ത്രവ്യാപാരികൾ പറഞ്ഞു.
പ്ലെയിൻ ടീഷർട്ടിൽ കഥകളിയുടെയും പുലിമുഖത്തിന്റെയും കേരളീയകലകളുടയും ചിത്രങ്ങൾ പകുതിയായും മുഴുവനായും പ്രിന്റ് ചെയ്ത ടീ ഷർട്ടുകൾക്ക് ആവശ്യക്കാരേറെ. ലുങ്കികളുടെ കരയിൽ കേരളക്കര ആവിഷ്കരിച്ച പുതിയ ഡിസൈനുകളോടു മുതിർന്നവർക്കും യുവാക്കൾക്കും ഇഷ്ടം. കഥകളിയുടെ വിവിധ ഭാവങ്ങൾ, പുലിക്കളിയിലെ പുലിമുഖം, ആന തുടങ്ങിയവയെല്ലാം ലുങ്കിക്കരകളിൽ നിറയുന്നു.
കേരളസാരിക്കും കേരളസാരിയുടെ ഡിസൈനുകളിലുള്ള ചുരിദാറുകൾക്കുമാണ് സ്ത്രീകളുടെ ഇടയിൽ പ്രിയമേറെ. കേരളത്തിന്റെ കലകളും മറ്റും പ്രിന്റ് ചെയ്ത ചുരിദാറുകൾക്കും ഡിമാൻഡുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഓണക്കോടി സമ്മാനിക്കാൻ വാങ്ങുന്നവർ ഇപ്പോഴും പരന്പരാഗതശൈലിയിലുള്ള വസ്ത്രങ്ങൾതന്നെയാണ് തെരഞ്ഞെടുക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു.