കായികമേഖലയുടെ ജനകീയവത്കരണം ലക്ഷ്യം: മന്ത്രി അബ്ദുറഹ്മാൻ
1587746
Saturday, August 30, 2025 1:31 AM IST
അമലനഗർ: അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ചിറ്റിലപ്പിള്ളി ഗ്രൗണ്ടിൽ ഒരുങ്ങുന്ന മൾട്ടിപർപ്പസ് സ്പോർട്സ് ഇൻഡോർഹാളിന്റെ നിർമാണോദ്ഘാടനം കായികമന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും കളിക്കളങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തിലേക്ക് കടക്കുകയാണെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും കളിക്കളങ്ങൾ ഒരുങ്ങി. ബാക്കിയുള്ളവയുടെ പ്രവർത്തനങ്ങൾ ഈ സർക്കാരിന്റെ കാലത്ത് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഒരുകോടി രൂപ വകയിരുത്തിയാണ് മൾട്ടിപർപ്പസ് സ്പോർട്സ് ഇൻഡോർഹാളിന്റെ നിർമാണം നടത്തുന്നത്. ചിറ്റിലപ്പിള്ളി ഗ്രൗണ്ടിൽ 18 ലക്ഷം രൂപയും പഞ്ചായത്തിലെതന്നെ ഉടലക്കാവ് ഗ്രൗണ്ടിൽ 13 ലക്ഷം രൂപയും ചെലവാക്കി നവീകരണം പൂർത്തീകരിച്ചു. ചിറ്റിലപ്പിള്ളി ഗ്രൗണ്ട് പരിസരത്തുനടന്ന ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ലിനി, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി.
സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സി. എൻജിനീയർ മുഹമ്മദ് അഷ്റഫ് പദ്ധതി വിശദീകരണംനടത്തി. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്കുമാർ, അക്കൗണ്ടന്റ് നാരായണൻകുട്ടി, വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീഷ്മ അഭിലാഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്. ശിവരാമൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
പറപ്പൂക്കര: കായികമേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അതിനുള്ള സ്വപ്നപദ്ധതിയാണ് ‘ഒരു പഞ്ചായത്തിന് ഒരു കളിക്കള'മെന്നും കായികമന്ത്രി വി. അബ്ദുറഹ്മാൻ. പറപ്പൂക്കര പഞ്ചായത്തിലെ നന്തിക്കര ജിവിഎച്ച്എസ് സ്കൂളിലെ കളിസ്ഥലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്കൂൾഗ്രൗണ്ടിൽനടന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ എംഎൽഎ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ മുഖ്യാതിഥിയായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരണംനടത്തി. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കാർത്തിക ജയൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.സി. പ്രദീപ്, എൻ.എം. പുഷ്പാകരൻ എന്നിവർ സംസാരിച്ചു. കായികവകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്നു 50 ലക്ഷം രൂപയും കെ.കെ. രാമചന്ദ്രൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നു 50 ലക്ഷം രൂപയും ഉൾപ്പടെ വിനിയോഗിച്ചാണ് കളിക്കളം നിർമിക്കുന്നത്.
മുളങ്കുന്നത്തുകാവ്: കായികമേഖലയിൽ 3500 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടന്നതായും 500 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുന്നതായും കായികമന്ത്രി വി. അബ്ദുറഹ്മാൻ. സംസ്ഥാനസർക്കാർ കായികമേഖലയ്ക്കു നൽകുന്ന പ്രാധാന്യം എത്രയാണെന്ന് ഇതിലൂടെ മനസിലാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോലഴി പഞ്ചായത്ത് കാക്കത്തോപ്പ് ഗ്രൗണ്ട് വികസനപ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തിലെ അംഗീകൃത ക്ലബ്ബുകൾക്കുളള സ്പോർട്സ് കിറ്റ് വിതരണവും അദ്ദേഹം നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അഷറഫ് പദ്ധതിവിശദീകരണം നടത്തി. കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി. വികാസ് രാജ്, സെക്രട്ടറി പി.എ. ജയ്സണ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണ് ഉഷ രവീന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം പ്രകാശ് ഡി. ചിറ്റിലപ്പിള്ളി, കോലഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രജീഷ് പ്രസംഗിച്ചു.