മുണ്ടൂർ - പുറ്റേക്കര കുപ്പിക്കഴുത്ത് : നഷ്ടപരിഹാരത്തുക ധാരണയായി
1587240
Thursday, August 28, 2025 12:58 AM IST
കൈപ്പറമ്പ്: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കരവരെയുള്ള 1.8 കിലോമീറ്റർ നാലുവരിപ്പാത നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനുള്ള നഷ്ടപരിഹാരത്തുക സംബന്ധിച്ച് ധാരണയായി. 25.57 കോടി രൂപ കെട്ടിവയ്ക്കാനുള്ള നടപടി പുരോഗമിക്കുന്നു.
177 സെന്റ് ഭൂമിയാണ് ഇവിടുത്തെ കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാത നിർമിക്കുന്നതിനായി ഏറ്റെടുക്കുന്നത്. സെന്റിന് ഏകദേശം 5.5 ലക്ഷം രൂപയാണ് ഭൂമിവില. ഇതിനോടൊപ്പം 100% നഷ്ടപരിഹാരംകൂടിചേർത്ത് ഒരു സെന്റിന് 11 ലക്ഷത്തോളം രൂപ ആകെ നഷ്ടപരിഹാരമായി ലഭിക്കും. ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനംപുറപ്പെടുവിച്ച 2024 ഏപ്രിൽ മുതൽ 12% പലിശകൂടി നഷ്ടപരിഹാരത്തുകയോടൊപ്പം നൽകും.
സംസ്ഥാനപാത 69 ലെ 1.8 കിലോമീറ്റർ വരുന്ന മുണ്ടൂർ - പുറ്റേക്കര ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ കുപ്പിക്കഴുത്ത് രൂപപ്പെട്ട് അപകടങ്ങൾ പതിവായിരുന്നു. ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കണമെന്ന ആവശ്യം ദീർഘകാലമായി നിലവിലുണ്ട്. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വിഷയം നിയമസഭയിൽ ഉന്നയിക്കുകയും സ്ഥലംസന്ദർശിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.
നവകേരളസദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ എത്തിയ ഘട്ടത്തിലാണ് 96.47 കോടി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയത്. റീബിൾഡ് കേരള ഇനീഷ്യേറ്റീവിന്റെ ഭാഗമായി കെഎസ്ടിപിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാത റോഡ് നിർമാണത്തിന്റെ ഭാഗമായിത്തന്നെ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.