സർക്കാർ കുരുക്കിനെ ഊരാക്കുടുക്കാക്കുന്നു: അഡ്വ. ജോസഫ് ടാജറ്റ്
1587235
Thursday, August 28, 2025 12:58 AM IST
തൃശൂർ: ഗതാഗതക്കുരുക്കിനു ശാശ്വതപരിഹാരം കണ്ടെത്താതെ ജനങ്ങളെ പിണറായിസർക്കാർ ഊരാക്കുടുക്കിലാക്കുകയാണെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. രൂക്ഷമായ ഗതാഗതക്കുരുക്ക്, പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, നിർമാണത്തിലെ മെല്ലെപ്പോക്ക് തുടങ്ങിയ വിഷയങ്ങളിൽ തൃശൂരിലെ 12 ഇടതുപക്ഷ എംഎൽഎമാർ പുലർത്തുന്ന നിസംഗതയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് എംഎൽഎ ഓഫീസ് മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ എംഎൽഎ ഓഫീസിനുമുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗതാഗതക്കുരുക്ക് മുറുകുന്ന ഘട്ടത്തിൽ സർക്കാരിൽ സമ്മർദംചെലുത്തി പരിഹാരം കണ്ടെത്താൻ ശ്രമിക്കാതെ സ്ഥിതിഗതികൾ മോശമാക്കിയതു ജില്ലയിലെ ഇടതുപക്ഷ എംഎൽഎമാരാണ്. എന്തു സംഭവിച്ചാലും ഇങ്ങനെയൊക്കെയേ ഭരിക്കൂ എന്ന എൽഡിഎഫ് ധിക്കാരത്തിനു കേരളജനത കനത്ത തിരിച്ചടി നൽകുമെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
തൃശൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഫ്രാൻസിസ് ചാലിശേരി അധ്യക്ഷത വഹിച്ചു. ജോണ് ഡാനിയൽ, എ. പ്രസാദ്, ഐ.പി. പോൾ, രാജൻ പല്ലൻ, ബൈജു വർഗീസ്, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എസ്. ശിവരാമകൃഷ്ണൻ, രവി ജോസ് താണിക്കൽ, സുനിൽ ലാലൂർ, സിന്ധു ആന്റോ ചാക്കോള, ലീല വർഗീസ് നേതൃത്വം നൽകി.