സ്കൂളിലേക്ക് ഓടിക്കയറി "പുള്ളിപ്പുലി', സ്നേഹംകൊണ്ട് കീഴടക്കി കുട്ടികൾ
1587252
Thursday, August 28, 2025 12:58 AM IST
തൃശൂർ: പരീക്ഷകഴിഞ്ഞു പടിയിറങ്ങാൻനിൽക്കവേ അരമണികെട്ടി വയർകുലുക്കി കൈകളിൽ ഓണക്കുലയുമായി കുട്ടികളുടെ അടുത്തേക്ക് ഓടിക്കയറി പുള്ളിപ്പുലി.
പൂരനഗരിയിലെ പുലിക്കളിക്ക് ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ അപ്രതീക്ഷിതമായി പുലിയെ കണ്ടപ്പോൾ കുട്ടികൾക്കും ആവേശം, പിന്നെ ഓടിയിറങ്ങി പുലിക്കു ചുറ്റുംകൂടി ആർപ്പുവിളികളായി. ചെങ്ങാലിക്കോടൻ നേന്ത്രപ്പഴവും കായവറവും ശർക്കര ഉപ്പേരിയും പുലിയിൽനിന്നു വാങ്ങിയും ചിരിച്ചും കളിച്ചും പുലിയും കുട്ടികളും ഓണാവേശത്തിനു തുടക്കംകുറിച്ചു.
അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിയുടെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് പുലിയും പുലിക്കളി സംഘാടകരും അയ്യന്തോൾ ഗവ. സ്കൂളിലെ കുട്ടികൾക്ക് ഓണസമ്മാനവുമായി എത്തിയത്.
കർഷകനഗർ അങ്കണത്തിൽ നടന്ന കൊടിയേറ്റത്തിനുശേഷമാണ് സംഘം സ്കൂളിൽ എത്തിയത്. രക്ഷാധികാരി ബാബുരാജ് കൊടിയേറ്റം നിർവഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീകുമാർ, പ്രവാസിമലയാളി മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. പ്രമോ വീഡിയോയുടെ ആദ്യപ്രദർശനം പുലിവേഷംകെട്ടിയ കലാകാരൻ നിർവഹിച്ചു.
ആഘോഷപരിപാടികൾക്കുശേഷം സ്കൂളിലെ കുട്ടികൾക്ക് ഓണസദ്യക്കുള്ള സഹായധനം നൽകിയാണ് സംഘം മടങ്ങിയത്.