കൈപ്പറന്പിൽ ബസ് മറിഞ്ഞ് 18 പേർക്കു പരിക്ക്
1587754
Saturday, August 30, 2025 1:31 AM IST
കൈപ്പറമ്പ്: തൃശൂർ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ കൈപ്പറമ്പിനു സമീപം ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് 18 പേർക്കു പരിക്ക്. പാവറട്ടിയിൽനിന്ന് തൃശൂരിലേക്കു പോകുകയായിരുന്ന ജീസസ് എന്ന ബസാണ് അപകടത്തിൽപെട്ടത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.
ഏഴാംകല്ല് സെന്ററിനു സമീപമാണ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത്. തൊട്ടുമുന്നില്‍ പോയ കാര്‍ പെട്ടെന്ന് വെട്ടിച്ചതോടെയാണ് ബസ് ഡ്രൈവര്‍ക്കു നിയന്ത്രണം നഷ്ടമായത്. ഇതോടെ ബസ് മരത്തിലും കാർ പാലത്തിലും ഇടിച്ചു. തുടർന്ന് ബസ് നടുറോഡില്‍ കുറുകെ മറിയുകയായിരുന്നു.
ബസ് ഡ്രൈവർ ഹസൻ(51), കണ്ടക്ടർ ഷാഹുൽ(46), മറ്റം സ്വദേശികളായ രാജേഷ് കുമാർ(51), രാമകൃഷ്ണൻ(62) മകൻ ദീപു(22) മഴുവഞ്ചേരി സ്വദേശികളായ ശങ്കരൻകുട്ടി(68), ജലീൽ(63), കൈപ്പറമ്പ് സ്വദേശി ഗോപിനാഥ്(68), തുവ്വാനൂർ ചിറപ്പറമ്പ് സ്വദേശി സതീഷ്(37), പുതുശേരി സ്വദേശി ആനന്ദ്കുമാർ(60), അന്യസംസ്ഥാന തൊഴിലാളികളായ സിക്കന്ദർ(40), പഞ്ചനായ്ക്ക്(30) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആക്ട്സ് കേച്ചേരി, പറപ്പൂർ ബ്രാഞ്ചുകളുടെ ആംബുലൻസുകളിൽ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് തൃശൂർ -കുന്നംകുളം റോഡിൽ ഗതാഗതം തടസപ്പെട്ടു. പേരാമംഗലം പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിമാറ്റിയശേഷമാണ് ഗതാഗതം പുനഃ സ്ഥാപിച്ചത്.