തെരുവുനായ് ആക്രമണം: പരിക്കേറ്റവർക്ക് ചികിത്സാസഹായം നല്കും
1587247
Thursday, August 28, 2025 12:58 AM IST
ചാലക്കുടി: തെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സാചെലവ് നൽകാൻ നഗരസഭ തീരുമാനിച്ചു. അപേക്ഷ നൽകിയ രണ്ടുപേരിൽ ഒരാൾക്ക് 14,913 രൂപയും മറ്റൊരാൾക്ക് 1,23,066 രൂപയുമാണ് അനുവദിച്ചത്. താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുക അനുവദിക്കും.
നഗരസഭയുടെ എം.എൽ. ജേക്കബ് സ്മാരക ഇൻഡോർ സ്റ്റേഡിയം പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ ഇതിനായ് അഡ്വൈസറി കമ്മിറ്റി രൂപീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ ചെയർമാനായും നഗരസഭ സെക്രട്ടറി കൺവീനറായും കമ്മറ്റിയെ ചുമതലപ്പെടുത്തും. രാവിലേയും വൈകീട്ടും ബാസ്കറ്റ്ബോൾ പരിശീലനം നിലവിൽ ആരംഭിച്ചതായും അടുത്ത മാസം മുതൽ ഷട്ടിൽ പരിശീലനം തുടങ്ങുമെന്നും ചെയർപേഴ്സൺ അറിയിച്ചു.
ശുചീകരണപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു വാർഡ്തല ശുചിത്വകമ്മിറ്റിക്ക് 10,000 രൂപ വീതം തനതുഫണ്ടിൽനിന്നും അനുവദിക്കാൻ തീരുമാനിച്ചു. ഓണത്തിന് മുൻപ് വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ശുചീകരണ ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു.
പോട്ട മിനിമാർക്കറ്റ് നിർമാണത്തിനായ് ഏറ്റെടുത്ത 2.5 ഏക്കർ സ്ഥലത്തിന്റെ കോടതിവിധിപ്രകാരം നൽകേണ്ട അധികവില നൽകുന്നതുസംബന്ധിച്ച് ലഭിച്ച നിർദേശം കൗൺസിൽ ചർച്ച ചെയ്തു. 50 ലക്ഷം രൂപ അടയ്ക്കുവാനും ബാക്കി തുകയ്ക്കുസാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചു. ചെയർപേഴ്സൻ ഷിബു വാലപ്പൻ അധ്യക്ഷത വഹിച്ചു.