മാലിന്യം വലിച്ചെറിയുന്ന സാമൂഹ്യവിരുദ്ധരെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം: മന്ത്രി
1587513
Friday, August 29, 2025 1:23 AM IST
ചാലക്കുടി: മാലിന്യം വലിച്ചെറിയുന്നവർ സാമൂഹ്യവിരുദ്ധരാണെന്നും അവരെ ഉരുക്കുമുഷ്ടികൊണ്ട് കൈകാര്യം ചെയ്യണമെന്നും തദ്ദേശസ്വയംഭരണ മന്ത്രി എം. ബി. രാജേഷ്. പരിയാരം പഞ്ചായത്ത് 2023-24 ഹെൽത്ത് ഗ്രാന്റിൽ നിന്നും 55.5 ലക്ഷം രൂപ ചിലവിൽ നിർമിച്ച തൂമ്പാക്കോട് ജനകീയ കുടുബാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വൃത്തിയുണ്ടെങ്കിലേ ആരോഗ്യമുള്ളൂവെന്നും വൃത്തിയില്ലായ്മയാണു രോഗങ്ങളുടെ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മാലിന്യം വലിച്ചെറിയുന്നവരോട് യാതൊരു ദയാദാക്ഷണ്യവും കാണിക്കരുതെന്നും ചുമത്താവുന്നതിന്റെ പരമാവധി ഫൈൻ ഈടാക്കണമെന്നും മന്ത്രി നിർദേശിച്ചു. മാലിന്യം വലിച്ചെറിഞ്ഞവരിൽനിന്നും കഴിഞ്ഞ അഞ്ചുമാസം കൊണ്ട് സംസ്ഥാനത്ത് 9.5 കോടി രൂപ പിഴ ഈടാക്കിയെന്നും മന്ത്രി പറഞ്ഞു.
സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസൻ, വൈസ് പ്രസിഡന്റ്് ഡെസ്റ്റിൻ ഡേവിസ്, ജില്ലാ പഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ഷീബ ഡേവിസ്, ഷാജു ജോസഫ് മടോന, അല്ലി ഡേവിസ് , ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി. പോളി, പഞ്ചായത്ത് അംഗങ്ങളായ എം.പി. ഷിജു, സിനി ലോനപ്പൻ, ഡേവിസ് പോട്ടക്കാരൻ, ആനി ജോയി, കെ.എസ്. രാധാകൃഷ്ണൻ, എം.സി. വിഷ്ണു, ഡാർളി പോൾസൺ, പി.പി. ആഗസ്തി, എക്സി. എൻജിനീയർ പി.ജെ. സ്മിത, സെക്രട്ടറി സിജോ കരേടൻ, മെഡിക്കൽ ഓഫീസർ ഡോ. മാനുവൽ ഡേവിസ്, അസി. എൻജിനീയർ ടി.കെ ജിജിമോൾ എന്നിവർ പ്രസംഗിച്ചു.