തൃശൂർ ജില്ലയിൽ പൂട്ടുവീഴുക 23 ബ്രാഞ്ച് ഓഫീസുകൾക്ക്
1587504
Friday, August 29, 2025 1:23 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പ്രവർത്തനങ്ങൾ ആധുനീകരിക്കുന്നതിന്റെ ഭാഗമായി സ്പീഡ് പോസ്റ്റുമായി സംയോജിപ്പിക്കുന്പോൾ തൃശൂർ ജില്ലയിൽ പൂട്ടുന്നത് 23 ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ.
നഗരങ്ങളിൽ രണ്ടു കിലോമീറ്ററും ഗ്രാമങ്ങളിൽ മൂന്നു കിലോമീറ്ററും ഇടവിട്ടുമാത്രമേ ഓഫീസുകൾ പ്രവർത്തിക്കാവൂ എന്ന കേന്ദ്രത്തിന്റെ പുതിയ നിർദേശപ്രകാരം സംസ്ഥാനത്തെ മുന്നൂറോളം പോസ്റ്റ് ഓഫീസുകൾക്കും പൂട്ടുവീഴും.
വരുമാനവും ദൂരപരിധിയും മാനദണ്ഡമാക്കിയാണ് ഓഫീസുകൾ അടയ്ക്കുന്നത്. വരുമാനത്തിന്റെയും ചെലവിന്റെയും അനുപാതം 20 ശതമാനത്തിൽതാഴെയുള്ള ഓഫീസുകളും നിർത്തലാക്കുമെന്നു ജീവനക്കാർ പറയുന്നു. സെപ്റ്റംബർ ഒന്നുമുതൽ തീരുമാനം നടപ്പാകും.
തൃശൂർ, ഇരിങ്ങാലക്കുട ഡിവിഷനുകളിൽ 23 ബ്രാഞ്ച് ഓഫീസുകൾ അടയ്ക്കും. തൃശൂർ ഡിവിഷനിലെ കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി സബ് ഡിവിഷനുകളിലെ 10 ഓഫീസുകൾ പൂട്ടാൻ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. വീടിനടുത്തുള്ള സേവനം നഷ്ടമാകുന്നതോടെ കിലോമീറ്ററുകൾ അകലെയുള്ള ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്കു ജനങ്ങൾക്കു പോകേണ്ടിവരും.
ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപിച്ചതും സ്വകാര്യ കൊറിയർ സർവീസുകളിൽനിന്നുള്ള മത്സരവും പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. പാഴ്സലുകളുടെ ട്രാക്കിംഗ്, വിതരണത്തിന്റെ വേഗംകൂട്ടൽ, പ്രവർത്തനക്ഷമത എന്നിവ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു സ്പീഡ് പോസ്റ്റുമായി സംയോജിപ്പിക്കുന്നതെന്നാണു വിശദീകരണം.
എന്നാൽ, രജിസ്റ്റേഡ് തപാലുകൾക്ക് ഉൾപ്പെടെ 25 ശതമാനത്തിലേറെ ചെലവേറും. സംസ്ഥാ നത്ത് 5,062 പോസ്റ്റ് ഓഫീസുകളാണുള്ളത്. ഇതിൽ 1,456 സബ് ഓഫീസുകളും 3,554 ബ്രാഞ്ച് ഓഫീസുകളുമാണ് ഉള്ളത്.
കഴിഞ്ഞവർഷം 679.99 കോടി രൂപയുടെ ഇടപാടുകൾ കേരളത്തിൽ നടന്നു. ദേശീയതലത്തിൽ മൊത്തം ഇടപാടുകളുടെ 48 ശതമാനവും കേരളത്തിൽനിന്നാണ്.