വരവ് പൂക്കളില്ല, തൊടിയില്‍നിന്നും ശേഖരിച്ച നാടന്‍പൂക്കള്‍ മാത്രം
1586996
Wednesday, August 27, 2025 2:11 AM IST
ഇരിങ്ങാലക്കുട: മുറ്റത്തും മനസിലും ശാന്തിയുടെയും സന്തോഷത്തിന്റേയും പൂക്കളങ്ങള്‍ നിറയുന്ന ദിനങ്ങളാണ് എന്നുമെന്നും ഓണനാളുകള്‍. പാടത്തും പറമ്പിലും നടന്ന് കാക്കപ്പൂക്കളും നാട്ടുപുഷ്പങ്ങളും പറിച്ചതിന്റെ ഓര്‍മകളായിരുന്നു ഇരിങ്ങാലക്കുട സെന്റ്് ജോസഫ് കോളജില്‍ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അരങ്ങേറിയ പൂവുകള്‍ക്കൊരു പുണ്യകാലം.
232 നാട്ടുപ്പൂക്കള് ശേഖരിച്ച് ബോട്ടണി വിഭാഗം വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും 204 പൂക്കള്‍ ശേഖരിച്ച് ഹിസ്റ്ററി വിദ്യാര്‍ഥികള്‍ രണ്ടാം സ്ഥാനവും 193 പൂക്കള്‍ ശേഖരിച്ച് ബികോം എയ്ഡഡ് വിഭാഗം വിദ്യാര്‍ഥികള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോളജ് അങ്കണത്തില്‍ മലയാളം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നാടന്ഭക്ഷണമേളയും സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ഉദ്ഘാടനം നിര്‍വഹിച്ചു.
മലയാളം വകുപ്പ് അധ്യക്ഷ കെ.എ. ഡോ. ജെന്‍സി, അധ്യാപികമാരായ ഡോ. എന്‍. ഉര്‍സുല, പ്രഫ. ലിറ്റി ചാക്കോ, ഡോ. കെ.ആര്. നീനു, ടി.വി. അമൃത, പി.വി. അരവിന്ദ് എന്നിവര്‍ നേതൃത്വം നല്കി.