കോൺഗ്രസ് താലൂക്ക് ഓഫീസ് മാർച്ച് നടത്തി
1587245
Thursday, August 28, 2025 12:58 AM IST
ചാലക്കുടി: ദേശീയപാതയിലെ ഗതാഗതക്കുരുക്കിനും നിർമാണ അപാകതകൾക്കും സർക്കാരിന്റെ നിസംഗതയ്ക്കും എതിരെ ചാലക്കുടി - പരിയാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ താലൂക്ക് ഓഫീസ് പ്രതിഷേധ മാർച്ച് നടത്തി.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോടതിപോലും എത്രയുംവേഗം ഗതാഗതക്കുരുക്കിനുപരിഹാ രം കാണണമെന്നുപറഞ്ഞിട്ടും ബന്ധപ്പെട്ട കരാർകമ്പനി പരിഹാരം കാണുവാൻ തയാറായിട്ടില്ലെന്നും ഗതാഗതക്കുരുക്ക് ഇപ്പോഴും തുടരുകയാണെന്നും കളക്ടർ ടോൾപിരിവ് നിർത്തിവയ്ക്കാൻ ഉത്തരവിട്ടപ്പോൾ 24 മണിക്കൂറിനകം അതുപിൻവലിപ്പിച്ച സർക്കാരാണ് കരാൻ കമ്പനിക്ക് എല്ലാവിധ ഒത്താശയും ചെയ്യുന്നതെന്ന് സനീഷ്കുമാർ ജോ സഫ് എംഎൽഎ പറഞ്ഞു.
എംപിയുടെയും എംഎൽഎയുടെയും നേതൃത്വത്തിൽ നിരന്തരമായി സമരം നടത്തിയും ഡിസിസി, കെപിസിസി ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുമാണ് കോടതി ഉത്തരുവുകൾ വന്നതും നിലവിൽ പണികൾ ആരംഭിച്ചിട്ടുള്ളതും. എന്നാൽ പണികൾ വേഗതയിലാക്കാനും ഗുണമേന്മയോടുകൂടി പണികൾ നടത്താനും സർക്കാർ ഇടപെടുന്നില്ല. നാഷണൽ ഹൈവേയിലെ ഗതാഗതക്കുരുക്കിന് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരം നടത്തുമെന്ന് എംഎൽഎ പറഞ്ഞു.
ബെന്നി ബഹനാൻ എംപി, മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ വി.ഒ. പൈലപ്പൻ, എം.ടി. ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, ലീല സുബ്രഹ്മണ്യൻ, ആന്റോ മേലേപ്പുറം, മേരി നളൻ, എബി ജോർജ്, മണ്ഡലം പ്രസിഡന്റുമാരായ ജോണി പുല്ലൻ, തോമസ് ഐ. കണ്ണത്ത്, ആൽബിൻ പൗലോസ്, ആന്റു വെട്ടൻ, കെ.പി. ബെന്നി മാസ്റ്റർ, ജോൺസൻ, കെ.കെ. ജയൻ എന്നിവർ പ്രസംഗിച്ചു.