ടോൾഫ്രീ ഓണം
1587002
Wednesday, August 27, 2025 2:12 AM IST
സ്വന്തം ലേഖകൻ
തൃശൂർ: സർവീസ് റോഡുകൾ നന്നാക്കിയെന്നു ചൂണ്ടിക്കാട്ടി ഓണത്തിനു ടോൾ പിരിക്കാനുള്ള ദേശീയപാത അഥോറിറ്റിയുടെയും കരാർ കന്പനിയുടെയും നീക്കം പൊളിച്ച് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള മൂന്നംഗസമിതിയുടെ റിപ്പോർട്ട്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ആർടിഒ എന്നിവരടങ്ങുന്ന മൂന്നംഗസമിതിയാണു കോടതി നിർദേശപ്രകാരം റിപ്പോർട്ട് സമർപ്പിച്ചത്. സർവീസ് റോഡിനു വീതികൂട്ടി ശാശ്വതപരിഹാരം കണ്ടില്ലെന്നും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതു ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നെന്നുമാണ് റിപ്പോർട്ട്.
സർവീസ് റോഡുകളുടെ നിർമാണമടക്കം പരിശോധിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ച് 21നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 23നു മണ്ണുത്തിക്കും ഇടപ്പള്ളിക്കുമിടയിൽ നേരിട്ടു പരിശോധിച്ചശേഷം 25നു കളക്ടറുടെ ചേംബറിൽ യോഗം ചേർന്നാണു റിപ്പോർട്ട് സമർപ്പിച്ചത്.
സർവീസ് റോഡുകളുടെ ടാറിംഗിനു മതിയായ കനമില്ലെന്നും പെട്ടെന്നു തകരുമെന്നും മൂന്നംഗസമിതി കണ്ടെത്തി. ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാന്പ്ര, ആന്പല്ലൂർ, മുടിക്കോട്, താണിപ്പാടം, വാണിയന്പാറ എന്നിവിടങ്ങളിൽ പ്രധാന പാതയിൽനിന്നു വഴിതിരിച്ചുവിടുന്പോൾ ടാറിംഗ് മതിയാകില്ല. സർവീസ് റോഡിൽ കുഴികളുണ്ടാകാനും റോഡപകടങ്ങൾക്കും കാരണമാകും. ഇവിടങ്ങളിൽ എൻഎച്ച്എഐയുടെ കർശനനിരീക്ഷണം ആവശ്യമാണ്.
അടിപ്പാതകളുടെ നിർമാണം മന്ദഗതിയിലാണ്. ആവശ്യത്തിനു തൊഴിലാളികളോ യന്ത്രസാമഗ്രികളോ ഇല്ല. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം നടത്തണം. നിലവിലെ ഗതാഗതക്രമീകരണം താത്കാലിക ആശ്വാസംമാത്രമാണ്. മുരിങ്ങൂരിലടക്കം ഓടകളുടെ നിർമാണം അപര്യാപ്തമാണ്. വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറുന്നു. ഗതാഗതം തിരിച്ചുവിടുന്ന സ്ഥലങ്ങളിൽ ആവശ്യത്തിനു ദിശാബോർഡുകളില്ല. മുന്നറിയിപ്പുകളില്ലാത്തത് ആശയക്കുഴപ്പത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. വാഹനങ്ങൾ വഴിതിരിച്ചുവിട്ട പഞ്ചായത്തുറോഡുകളടക്കം തകർന്നു. ഇവിടെ ആവശ്യത്തിന് അറ്റകുറ്റപ്പണികളില്ല. സുരക്ഷിതയാത്ര ബുദ്ധിമുട്ടാകുന്നതിനൊപ്പം ഗതാഗതം ഞെരുങ്ങുന്നെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
ആർടി ഓഫീസ് കണക്കനുസരിച്ച ദേശീയപാതയിൽ 74,000 വാഹനങ്ങൾ പ്രതിദിനം സഞ്ചരിക്കുന്നു. ഒരു വരിയുടെ പരമാവധി ശേഷി 54,782 വാഹനങ്ങളാണ്. അതിനാൽ, പ്രതിദിനം 19,218 വാഹനങ്ങളുടെ അധികഭാരമുണ്ടാകുന്നു. സമാന്തരപാതകൾ തകർന്നതിനാൽ വാഹനം വഴിതിരിച്ചുവിടുന്നതിനു കഴിയില്ല. പൊങ്ങം, പോട്ട, കൊടകര എന്നിവിടങ്ങളിലൂടെ ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടാം. എന്നാൽ, ഭാരവാഹനങ്ങൾ തടയേണ്ടിവരും. ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും പരിഹാരമാർഗമായി സമിതി നിർദേശിക്കുന്നു.
പ്രശ്നം ഗുരുതരമായ മേഖലകളിൽ പോലീസിനെ സഹായിക്കാൻ എൻഎച്ച്എഐ ആളുകളെ നിയോഗിക്കണം. ബ്ലിങ്കർ ലൈറ്റുകളും വിവിധ ഭാഷകളിൽ ദിശാബോർഡുകളും സ്ഥാപിക്കണം. ആഴത്തിൽ നിർമാണം നടക്കുന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പു നൽകണം. അപകടങ്ങളിൽ സഹായത്തിനു ഹെവി റിക്കവറി വാഹനങ്ങൾ ഒരുക്കണം.
സർവീസ് റോഡുകൾക്കടക്കം സ്ഥിരമായി ഭാരം കൈകാര്യം ചെയ്യാനുള്ള ഘടനാപരമായ ശേഷിയില്ല. സാങ്കേതികസാധ്യതയും സുരക്ഷാ മാനദണ്ഡങ്ങളും അനുവദിക്കുന്നിടത്തെല്ലാം സർവീസ് റോഡുകൾ രണ്ടുവരികളായി വീതികൂട്ടണമെന്നും സമിതി ശിപാർശ ചെയ്തു.