എം.കെ. സാനു നൈതികബോധ്യങ്ങളിൽ ഉറച്ചുനിന്നയാൾ: കെ. സച്ചിദാനന്ദൻ
1587236
Thursday, August 28, 2025 12:58 AM IST
തൃശൂർ: നൈതികബോധ്യങ്ങളിൽ എല്ലാക്കാലവും ഉറച്ചുനിന്നയാളാണ് പ്രഫ. എം.കെ. സാനുവെന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. സാഹിത്യ അക്കാദമി സംഘടിപ്പിച്ച എം.കെ. സാനു അനുസ്മരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹദ്ജീവിതങ്ങളെകുറിച്ച് അറിയാൻ മാത്രമല്ല, മഹദ്ജീവിതത്തിനു സ്വയം ഉടമയാകാനുമുള്ള നിരന്തര പരിശ്രമം അദ്ദേഹത്തിനുണ്ടായിരുന്നു. തനിക്കുവേണ്ടി ചിന്തിക്കുന്നതിനെക്കാൾ മറ്റുള്ളവർക്കുവേണ്ടി ചിന്തിക്കുന്നതിനു പ്രസക്തി ഇല്ലാതാകുന്ന കാലഘട്ടത്തിൽ തന്നെക്കാൾ മറ്റുള്ളവർക്കുവേണ്ടി ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു സാനുമാഷെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ഡോ. എസ്.കെ. വസന്തൻ, അശോകൻ ചരുവിൽ, സുനിൽ പി. ഇളയിടം, പ്രഫ. പി.വി. കൃഷ്ണൻനായർ, ഷീബ അമീർ, സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം വി.എസ്. ബിന്ദു, കെ.എസ്. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.