ഓണത്തിന് ഇനി ദിവസങ്ങൾമാത്രം ; പ്രതീക്ഷ കൈവിടാതെ മൺപാത്രനിർമാണം
1587238
Thursday, August 28, 2025 12:58 AM IST
ജോണി ചിറ്റിലപ്പിള്ളി
വടക്കാഞ്ചേരി: ഓണത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പരമ്പരാഗത മൺപാത്രനിർമാണം വീണ്ടും സജീവം. പല ചൂളകളിലും കനലെരിയാൻ തുടങ്ങി.
ജില്ലയിൽ 1000 ത്തോളം കുടുംബങ്ങൾ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. നിർമാണത്തോടൊപ്പം വില്പനയും നടത്തുന്നു. സ്ത്രീകൾ തലച്ചുമടായി പരിസരപ്രദേശങ്ങളിൽ വിപണി കണ്ടെത്തുമ്പോൾ തൃശൂർ - ഷൊർണൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി, പാർളിക്കാട്, അകമലയിലും വഴിയോരങ്ങളിൽ വില്പനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഓണക്കാലമായതോടെ യുവാക്കൾ ഇരുചക്രവാഹനങ്ങളിലും ആവശ്യക്കാർക്ക് എത്തിച്ചുനൽകിയാണ് വിപണി കണ്ടെത്തുന്നത്.
മിക്ക പ്രദേശങ്ങളിലും കുടുംബസമേതമാണ് ഇവർ പണിയെടുക്കുന്നത്. മണ്ണിന്റെ ലഭ്യത, വിറക്, ചകരി എന്നിവയുടെ വിലവർധനവ് എന്നിവ ഇവർ നേരിടുന്ന വെല്ലുവിളികളാണ്. കളിമൺഖനനത്തിന് നിയന്ത്രണങ്ങൾ വന്നതോടെ ഇരട്ടിവില നൽകിയാണ് ഇവർ മണ്ണുശേഖരിക്കുന്നത്. ഒരു ലോഡിന് 18,000 രൂപയാണ് നൽകുന്നത്. കൂടാതെ ചൂളവയ്ക്കുന്നതിനുള്ള വിറക്, ചകരി എന്നിവ കിട്ടുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സർക്കാർ കളിമൺ തൊഴിൽമേഖലയെ സംരക്ഷിക്കുന്നതിനായി സാമഗ്രികൾ നൽകിയിട്ടുണ്ട്. ഓണത്തിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ കളിമൺപാത്രങ്ങൾ, ചിരാതുകൾ, തൃക്കാക്കരപ്പൻ, മാവേലി എന്നിവയും വിപണിയിൽ സജീവമായി. ഇപ്പോൾ കച്ചവടം കുറവാണെങ്കിലും ഓണം അടുക്കുന്നതോടെ നല്ലരീതിയിൽ ബിസിനസ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലം റോഡിൽ കച്ചവടം നടത്തുന്ന വ്യാപാരി പറഞ്ഞു.