മുല്ലപ്പൂവില്ലാതെന്തു മലയാളിമങ്ക; വില മുഴത്തിനു 150 വരെ
1587753
Saturday, August 30, 2025 1:31 AM IST
തൃശൂർ: സ്കൂളും കോളജും ഓണാവധിക്ക് അടയ്ക്കുന്ന ദിവസം മലയാളിമങ്കമാരായി ചമഞ്ഞൊരുങ്ങാൻ പെണ്‍കുട്ടികൾ മുല്ലപ്പൂ തേടിയെത്തിയതോടെ ഇന്നലെ മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു; മുഴത്തിനു 150 രൂപവരെ.
വ്യാഴാഴ്ച വൈകീട്ട് മുഴത്തിന് എണ്പതു രൂപയായിരുന്നതു പിന്നീട് നൂറായി ഉയർന്നു. ഇന്നലെ രാവിലെയായപ്പോഴേക്കും പലയിടത്തും വില 150 വരെയായി. പലയിടത്തും മുല്ലപ്പൂ കിട്ടാനില്ലാത്ത സ്ഥിതി വന്നതോടെ വിലക്കുറവുള്ള സ്ഥലംനോക്കി പോകാതെ കച്ചവടക്കാർ ചോദിച്ച വിലയ്ക്കു പൂവാങ്ങിച്ചവരുമേറെ.
തുണിയിൽ തീർത്ത റെഡിമെയ്ഡ് മുല്ലപ്പൂ ചൂടിയും ഓണാഘോഷത്തിനെത്തിയവരുണ്ടായിരുന്നു.
ചിങ്ങമാസത്തിൽ വിവാഹങ്ങൾ ധാരാളം നടക്കുന്നതുകൊണ്ട് മുല്ലപ്പൂവിനു പൊതുവേ ഡിമാൻഡ് കൂടിയിരിക്കുകയാണ്. തമിഴ്നാട്ടിൽനിന്നും പാലക്കാടുനിന്നുമാണ് തൃശൂരിലേക്കു കൂടുതലായി മുല്ലപ്പൂവെത്തുന്നത്.
ഗണേശോത്സവത്തോടനുബന്ധിച്ച് മുംബൈയിലേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും തമിഴ്നാട്ടിൽനിന്ന് പൂക്കൾ കയറ്റിപ്പോയതോടെ ഓണക്കാലത്തു കേരളത്തിലേക്കുള്ള പൂക്കളുടെ വരവ് കുറഞ്ഞതും വിലക്കൂടുതലിനു കാരണമായെന്നു വ്യാപാരികൾ പറഞ്ഞു.
മുല്ലപ്പൂകൃഷി
കേരളത്തിൽ
വ്യാപകമാക്കണം:
കച്ചവടക്കാർ
തൃശൂർ: ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലിപ്പൂക്കളുടെ കൃഷി കേരളത്തിൽ പലയിടത്തും നടത്തുന്നതുപോലെ മുല്ലപ്പൂകൃഷി വ്യാപകമാക്കണമെന്നു കച്ചവടക്കാർ. കേരളത്തിലെ സ്ത്രീകൾക്കു തലയിൽ ചൂടാൻ വലിയ വിലകൊടുത്തു മുല്ലപ്പൂ വാങ്ങേണ്ട അവസ്ഥ അടുത്ത ഓണക്കാലത്തെങ്കിലും ഇല്ലാതാക്കാൻ കേരളത്തിലെന്പാടും മുല്ലപ്പൂകൃഷി ആരംഭിക്കുകയാണ് വേണ്ടതെന്ന് ഓൾ കേരള ഫ്ളവർ മർച്ചന്റ്സ് അസോസിയേഷൻ അംഗമായ സുധീഷ് പറഞ്ഞു.