പുലിക്കളിക്കു കൊടിയേറി
1587003
Wednesday, August 27, 2025 2:12 AM IST
തൃശൂർ: നാലോണനാളിൽ തൃശൂർ നഗരത്തെ ത്രസിപ്പിക്കാനെത്തുന്ന പുലിക്കളി ആഘോഷങ്ങൾക്കു പൂരനഗരിയിൽ കൊടിയേറി.
സെപ്റ്റംബർ എട്ടിനാണ് പ്രസിദ്ധമായ പുലിക്കളി. എട്ടു സംഘങ്ങളാണ് ഇത്തവണ പുലിക്കളിക്കു തൃശൂർ നഗരത്തിലെത്തുക. വിയ്യൂർ യുവജനസംഘം, അയ്യന്തോൾ ദേശം, സീതാറാം മിൽ ദേശം, കുട്ടൻകുളങ്ങര പുലിക്കളിസംഘം, ചക്കാമുക്ക് ദേശം, ശങ്കരംകുളങ്ങര ദേശം, നായ്ക്കനാൽ പുലിക്കളിസമാജം, പാട്ടുരായ്ക്കൽ ദേശം, വെളിയന്നൂർ ദേശം എന്നീ ഒന്പതു സംഘങ്ങളാണ് നാലോണനാളിൽ നഗരത്തിലെത്തുക.
നടുവിലാലിൽ ഇന്നലെ രാവിലെ മേയർ എം.കെ. വർഗീസ് പുലിക്കളിയുടെ കൊടിയേറ്റ് നിർവഹിച്ചു.
ഒന്പതു പുലിമടകളിലും പുലിക്കളിയൊരുക്കങ്ങൾ അവസാനഘട്ടത്തിലേക്കു കടന്നിട്ടുണ്ട്. വ്യത്യസ്ത നിശ്ചലദൃശ്യങ്ങളാണ് ഓരോ സംഘവും ഇത്തവണയും ഒരുക്കുന്നത്.
അയ്യന്തോളിന്റെ പുലി ഇന്ന് സ്കൂളിലെത്തും,
കൈനിറയെ ഓണവിഭവങ്ങളുമായി
തൃശൂർ: സ്കൂൾ കുട്ടികൾക്കു പഴക്കുലയും കായവറുത്തതും ശർക്കര ഉപ്പേരിയുമായി ഇന്ന് അയ്യന്തോളിന്റെ പുലികൾ അയ്യന്തോൾ ഗവ. സ്കൂളിലെത്തും. അയ്യന്തോൾ ദേശം പുലിക്കളി സംഘാടകസമിതിയും അയ്യന്തോൾ ഗവ. സ്കൂളിലെ കുട്ടികളും ഒരുമിച്ചുള്ള ഓണാഘോഷത്തിനായാണ് ഇന്നു പുലികൾ സ്കൂളിലെത്തി ഓണവിഭവങ്ങൾ വിളന്പുക.
പുലിക്കളി സംഘാടകസമിതിയുടെ കൊടിക്കൂറ ഉയർത്തൽ ഇന്നു രാവിലെ 8.30ന് പ്രസിഡന്റ് അഡ്വ.റോബ്സണ് പോൾ അയ്യന്തോൾ കർഷകനഗർ സെന്ററിൽ നടത്തും. ഒന്പതിനു പുലിവേഷം കെട്ടിയ കലാകാരൻ ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് പഴക്കുലയും കൈനിറയെ കായവറുത്തതും ശർക്കര ഉപ്പേരികളുമായി സ്കൂളിലെ കുട്ടികളെ കാണാൻ എത്തും.
തുടർന്ന് സ്കൂൾ നടത്തുന്ന ഓണസദ്യയ്ക്കുള്ള കോ-സ്പോണ്സർഷിപ്പ് വിഹിതം സ്കൂൾ ഹെഡ്മാസ്റ്റർക്കു ദേശം കൂട്ടായ്മ രക്ഷാധികാരി ബാബുരാജ് നൽകും. ദേശത്തിന്റെ പുലിക്കളി പ്രമോ വീഡിയോ ആൽബവും ചടങ്ങിൽ പ്രകാശനം ചെയ്യും. തുടർന്ന് 11ന് തൃശൂർ ജില്ലാ കോടതി ഉദ്യോഗസ്ഥർക്കൊപ്പം പുലി ഓണാഘോഷത്തിൽ പങ്കെടുക്കും.
പുലിക്കൊട്ടിനൊപ്പം ചുവടുവച്ച് മേയർ
തൃശൂർ: തൃശൂരിന്റെ മേയർ പുലിക്കളിക്കൊട്ടിനൊപ്പം ചുവടുവച്ചു. ഇന്നലെ നടുവിലാലിൽ പുലിക്കളി കൊടിയേറ്റിന് എത്തിയപ്പോഴാണ് മേയർ എം.കെ. വർഗീസ് പുലിത്താളത്തിനൊപ്പം ചുവടുവച്ചത്.
ചുറ്റിലുംനിന്നവരുടെ പ്രോത്സാഹനം കൂടിയായതോടെ മേയർ ആവേശത്തിലായി.
കൈകൾ പിന്നിലേക്കും മുന്നിലേക്കും ചലിപ്പിച്ച് കാലുകൾ മുന്നോട്ടും പിന്നോട്ടുംവച്ച് നടുവളച്ച് പ്രഫഷണൽ പുലിക്കളിക്കാർ കളിക്കുംപോലെ മേയർ പുലിയായി ആടിത്തിമർത്തപ്പോൾ ഒപ്പമുണ്ടായിരുന്നവർ നിറഞ്ഞ കൈയടികളോടെ അഭിനന്ദിച്ചു.