ആർപ്പോ വിളികളോടെ ഓണം വൈബിൽ സ്കൂൾ - കോളജ് കാന്പസുകൾ
1587752
Saturday, August 30, 2025 1:31 AM IST
രാജേഷ് പടിയത്ത്
തൃശൂർ: നിറമുള്ള പലതരം പൂക്കളും അതിനിടയിലൂടെ പാറിപ്പറക്കുന്ന ബഹുവർണ ചിത്രശലഭങ്ങളും. തൃശൂർ നഗരം ഇന്നലെ അങ്ങനെയായിരുന്നു. ഓണം അതിന്റെ ആഘോഷനിറവിലേക്കു പായുന്പോൾ ഇന്നലെ സ്കൂളുകളിലും കോളജുകളിലുമൊക്കെ ഓണാഘോഷത്തിന്റെ ക്ലൈമാക്സായിരുന്നു. ഓണാവധിക്കായി അടയ്ക്കുന്നതിനുമുന്പായി ഇന്നലെ മിക്കയിടത്തും ഓണാഘോഷം പൊരിച്ചു.
ഇന്നു ഞങ്ങളുടെ ഉത്രാടപ്പാച്ചിലും തിരുവോണവും - എന്നായിരുന്നു തൃശൂർ നഗരത്തിലെ കോളജുകളിലെ വിദ്യാർഥികളുടെ കമന്റ്.
സ്കൂളുകളിലും കോളജുകളിലും ഓണാഘോഷം നടക്കുന്നതിനാൽ തലേദിവസമായ വ്യാഴാഴ്ചയും ഇന്നലെ രാവിലെയും പൂക്കൾക്കു വൻ ഡിമാൻഡായി. റെഡിമെയ്ഡ് പായസങ്ങൾക്കും സദ്യകൾക്കും ആവശ്യക്കാരേറിയ ദിവസവുമായിരുന്നു. ഓണാഘോഷത്തിന്റെ സാന്പിൾ ആയിരുന്നു ശരിക്കും ഇന്നലെ. കാറ്ററിംഗ് യൂണിറ്റുകൾക്കു നേരത്തേതന്നെ നല്ല ബുക്കിംഗ് കിട്ടിയിരുന്നു.
കേരളീയവസ്ത്രങ്ങൾ ഓണക്കോടിയായി അണിഞ്ഞു മുല്ലപ്പൂചൂടി തനി കേരളമങ്കമാരായി പെണ്കുട്ടികളെത്തിയപ്പോൾ, കസവുകരമുണ്ടുടുത്ത് തൂവെള്ളയും ചന്ദനക്കളർ ഷർട്ടും ജുബയുമിട്ട് ചുള്ളൻമാരായി കേരളകേസരികളായി ആണ്കുട്ടികളുമെത്തി. ഓണപ്പാട്ട്, വടംവലി, കൈകൊട്ടിക്കളി, പായസംകുടി മത്സരം, പഴംതീറ്റ മത്സരം, പുലിക്കളി തുടങ്ങി ഓണാഘോഷങ്ങളെല്ലാം വേറെ ലെവലായിരുന്നു.
മലയാളിമങ്ക മത്സരങ്ങൾ പലയിടത്തും നടത്തി. മാവേലിത്തന്പുരാന്റെ വേഷഭൂഷാദികളോടെ ഏവരേയും സ്വീകരിക്കാൻ എല്ലായിടത്തും മഹാബലിവേഷധാരികളുമുണ്ടായിരുന്നു.
പുത്തൻ ഓണക്കോടികളണിഞ്ഞവർ രാവിലെ സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകാൻ നഗരത്തിലെത്തിയപ്പോഴാണ് നഗരം വർണക്കാഴ്ചകളിൽ നിറഞ്ഞത്. തേക്കിൻകാട് മൈതാനത്തിന്റെ പച്ചപ്പിനെയും തെക്കേഗോപുരനടയെയുമൊക്കെ പശ്ചാത്തലമാക്കി സെൽഫിയെടുക്കാനെത്തിയവരും ഏറെ.