മലയാളിയെ പിന്തള്ളി മണിപ്പുരിക്കാരി മലയാളിമങ്ക
1587250
Thursday, August 28, 2025 12:58 AM IST
ഇരിങ്ങാലക്കുട: കസവുമുണ്ടും പച്ചബ്ലൗസും ഉടുത്ത് തലയില്‍ മൂല്ലപ്പൂവും ചൂടി കൈയിലെ പൂക്കൂടയില്‍ പൂക്കളുമായി നിറഞ്ഞ സദസില്‍ ചെറുപുഞ്ചിരിയോടെ മലയാളത്തനിമയില്‍ അവള് പറഞ്ഞു. ""സ്വദേശം മണിപ്പുരാണ്, ജയിക്കാനല്ല, മറിച്ച് നിങ്ങളുടെ മനസില്‍ ചേക്കേറുവാനാണ് എനിക്കിഷ്ടം.''
ഇത്രയും പറഞ്ഞുകഴിയുമ്പോഴേക്കും വിദ്യാര്ഥികളൊന്നാകെ ആര്‍പ്പുവിളിയായി.
ഓണാഘോഷത്തിനു മാറ്റുകൂട്ടി ഇന്നലെ സെന്റ് ജോസഫ്സ് കോളജില്‍ നടന്ന മലയാളിമങ്ക മത്സരത്തില്‍ ഏവരുടെയും മനംകവര്‍ന്ന് ഒന്നാമതെത്തിയ മണിപ്പുരിക്കാരി അഞ്ജുവിന്റെ വാക്കുകളാണിത്. ഏറെ കരഘോഷത്തോടൊണ് വിദ്യാര്‍ഥികള്‍ ഇവരെ മത്സരത്തിനായി വേദിയിലേക്കു സ്വീകരിച്ചത്. എല്ലാവര്ക്കും നമസ്കാരം എന്നുപറഞ്ഞായിരുന്നു തുടക്കം. പരിചയപ്പെടുത്തിയതും മലയാളഭാഷയില്‍തന്നെ. അവസാനമായി "പൂവിളി... പൂവിളി... പൊന്നോണമായി.... നീ വരു, നീ വരു.... പൊന്നോണത്തുമ്പി' എന്നു രണ്ടുവരി ഓണപ്പാട്ടുംപാടി വിദ്യാര്‍ഥികളുടെ മനസില്‍ മണിപ്പുരിക്കാരി ഇടംപിടിച്ചു.
കോളജിലെ രണ്ടാംവര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് അഞ്ജു. രണ്ടാംവര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥിനി വേദ രഞ്ജിത്ത് ഒന്നാം റണ്ണറപ്പായും മൂന്നാംവര്‍ഷ ഫിലോസഫി വിദ്യാര്‍ഥിനി ടി.എന്‍. ഇഷ രണ്ടാം റണ്ണറപ്പായും തെരഞ്ഞെടുത്തു. മുപ്പതോളം വിദ്യാര്‍ഥിനികള്‍ മത്സരത്തില്‍ പങ്കെടുത്തു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി കിരീടമണിയിച്ചു. സെല്‍ഫ് ഫിനാന്‍സ് കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ റോസ് ബാസ്റ്റിന് ഷാളണിയിച്ചു. കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍മാരായ ലോവേന ഔസേപ്പ്, എം.പി. ആതിര എന്നിവരായിരുന്നു കോ- ഓര്‍ഡിനേറ്റർമാർ.