യൂത്ത് കോണ്ഗ്രസ് മാർച്ചിൽ സംഘർഷം, അറസ്റ്റ്
1587503
Friday, August 29, 2025 1:23 AM IST
തൃശൂർ: ഷാഫി പറന്പിൽ എംപിയെ വടകരയിൽ ഡിവൈഎഫ് ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂരിൽ യൂത്ത് കോണ്ഗ്രസ് നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം.
തൃശൂർ ഡിസിസി ഓഫീസിൽനിന്ന് കോർപറേഷനു മുന്നിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് നായ്ക്കനാലിൽ എത്തിയപ്പോൾ റോഡരികിൽ സ്ഥാ പിച്ചിരുന്ന ദേശാഭിമാനിയുടെ "തൃശൂർ പെരുമ' പരിപാടിയുടെ പോസ്റ്റർ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കീറിയതു പോലീസ് തടഞ്ഞതോടെ സംഘർഷം തുടങ്ങി.
ഡിവൈഎഫ്ഐക്കാരെ തടയാനും പിടിച്ചുമാറ്റാനും നിങ്ങൾക്കു ധൈര്യമുണ്ടോ എന്നു പ്രവർത്തകർ പോലീസിനോടു തർക്കിച്ചു. തുടർന്നു നായ്ക്കനാലിൽ റോഡിൽ കുത്തിയിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ഇതോടെ പോലീസെത്തി പ്രവർത്തകരെയും നേതാക്കളെയും ബലംപ്രയോഗിച്ച് പോലീസ് വാഹനത്തിലേക്കു കയറ്റി അറസ്റ്റുചെയ്ത് ഈസ്റ്റ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
പോലീസ് വാഹനത്തിൽ കയറാതെ പോലീസുമായി തർക്കത്തിലേർപ്പെട്ട പ്രവർത്തകരെ ബലംപ്രയോഗിച്ചാണ് പോലീസ് വാഹനത്തിനകത്തേക്കു കയറ്റിയത്.