ഓണത്തെ വരവേല്‍ക്കാന്‍ പൂത്തൊരുങ്ങി കൃഷ്ണകിരീടങ്ങള്
1586994
Wednesday, August 27, 2025 2:11 AM IST
കൊടകര: തിരുവോണനാളില്‍ ഗ്രാമീണര്‍ മുറ്റത്ത് പ്രതിഷ്ഠിക്കുന്ന തൃക്കാരപ്പന്റെ നെറുകയില്‍ ചൂടിച്ചിരുന്ന പൂവാണ് കൃഷ്ണകിരീടം. വെളിമ്പറുമ്പുകളിലും വേലിയിറമ്പിലും ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്ന ഒരിനം ചെടികളിലാണ് കൃഷ്ണകിരീടങ്ങള് വിരിയുന്നത്.
വേലിപ്പടര്‍പ്പുകള്‍ മതിലുകള്‍ക്കും കമ്പിവേലികള്‍ക്കും വഴിമാറിയതോടെ കൃഷ്ണകിരീടങ്ങള് ഗ്രാമങ്ങളിലെ അപൂര്‍വകാഴ്ചയായി മാറി. എങ്കിലും തിരുവോണ പുലര്‍ച്ചെ വീട്ടുമുറ്റങ്ങളില്‍ ഒരുക്കുന്ന തൃക്കാക്കരയപ്പന്റെ നെറുകയില്‍ ചൂടിക്കാന്‍ കൃഷ്ണകിരീടപൂക്കള്തന്നെ വേണമെന്ന നിര്‍ബന്ധം ഇപ്പോഴും ഗ്രാമങ്ങളിലുള്ളവര്ക്കുണ്ട്.
കടും ചുവപ്പ് നിറത്തില്‍ പിരമിഡ് ആകൃതിയില്‍ വിടര്ന്നുനില്ക്കുന്ന ഈയിനം പൂക്കള്‍ ഒറ്റപ്പെട്ടയിടങ്ങളിലാണെങ്കിലും ഇന്നും ഗ്രാമീണമേഖലയില്‍ കാണപ്പെടുന്നുണ്ട്. പുറമ്പോക്കുകളിലും ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടങ്ങളിലും കൂട്ടത്തോടെ തഴച്ചുവളരുന്ന ഒരു ചെടിയാണ് കൃഷ്ണകിരീടം. ഹനുമാന് കിരീടം എന്നും ആറുമാസപൂവ് എന്നും ഇതിനുപേരുണ്ട്. ചിലയിടങ്ങളില്‍ പെരു എന്നും ഇതിനെ വിളിക്കുന്നു. പിരമിഡ് ആകൃതിയിലാണ് പൂക്കളുടെ വിന്യാസരീതി. ബുദ്ധമതക്കാരുടെ പഗോഡയുടെ ആകൃതിയുള്ളതിനാല്‍ റെഡ് പഗോഡ എന്നാണ് ഇംഗ്ലീഷില്‍ ഇതിന് പേര്.
വിദേശ ഇനമാണെങ്കിലും കേരളത്തിലെ നാട്ടുപൂക്കളുടെ പട്ടികയില്‍ കൃഷ്ണകിരീടമുണ്ട്. ചില ക്ഷേത്രങ്ങളില്‍ ഈ പൂക്കള്‍ പൂജയ്ക്ക് ഉപയോഗിച്ചിരുന്നതായി പരയുന്നു.
കൃഷ്ണകിരീടം പൂക്കള്‍ വിടര്‍ന്നാല്‍ ചിത്രശലഭങ്ങള്‍ കൂട്ടത്തോടെ എത്താറുണ്ട്. വിടര്ന്നുകഴിഞ്ഞാല് മാസങ്ങളോളം വാടാതെ നില്‍ക്കുമെന്ന പ്രത്യേകതയും ഈ പൂവിനുണ്ട്. ഔഷധ ഗുണമുള്ള ഈ പൂവ് ഉണക്കിപൊടിച്ച് കാച്ചിയെടുക്കുന്ന എണ്ണ പൊള്ളലേറ്റ പാടുകള്‍ ഇല്ലാതാക്കാന്‍ ഉത്തമമാണെന്ന് പഴമക്കാര്‍ പറയുന്നു.