മറ്റത്തൂരിലെ ഗ്യാസ് ക്രിമറ്റോറിയം നാളെ നാടിനു സമര്‍പ്പിക്കും
1586998
Wednesday, August 27, 2025 2:12 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ഗ്യാസ് ക്രിമറ്റോറിയം യാഥാര്‍ഥ്യമായി. 90 ലക്ഷം രൂപയോളം ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച ക്രിമറ്റോറിയം നാളെ മന്ത്രി എം.ബി രാജേഷ് നാടിനു സമര്‍പ്പിക്കും.
മറ്റത്തൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡിലുള്ള മാങ്കുറ്റിപ്പാടത്തെ കുന്നിന്‍പ്രദേശത്താണ് ആധുനിക രീതിയിലുള്ള വാതക ശ്മശാനം പണികഴിപ്പിച്ചിട്ടുളളത്. 13 വര്‍ഷം മുമ്പ് ഇവിടെ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് ക്രിമറ്റോറിയം നിര്‍മിക്കാന്‍ നീക്കം തുടങ്ങിയപ്പോള്‍ മുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.
കൊടകര ബ്ലോക്കിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ഈ ക്രിമറ്റോറിയം ഉപയോഗപ്പെടുത്താനാവുന്നതരത്തില് നിര്‍മാണം നടത്താന്‍ നീക്കം നടന്നതാണ് വിവാദത്തിന് ഇടയാക്കിയത്.ഇതിനെതിരെ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി പ്രതിഷേധരംഗത്തുവന്നതിനെ തുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കപ്പെട്ടു. മറ്റത്തൂരിലെ ജനങ്ങള്‍ക്ക് മാത്രമായുള്ള ക്രിമറ്റോറിയം നിര്‍മിക്കാന്‍ ധാരണയാകുകയും ചെയ്തു. എന്നാല്‍ പിന്നേയും ഏതാനും വര്‍ഷങ്ങള്‍ പദ്ധതി കടലാസില്‍ മാത്രമായി തുടര്‍ന്നു. പിന്നീട് 2020 ആഗസ്റ്റ് ഒമ്പതിന് ക്രിമറ്റോറിയത്തിന്റെ ശിലാസ്ഥാപനം നടത്തിയെങ്കിലും പലവിധ കാരണങ്ങളാല്‍ നിര്‍മാണം പിന്നേയും നീണ്ടു പോയി. പിന്നീട് നിലവിലുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിലാണ് നിര്‍മാണം തുടങ്ങാന്‍ കഴിഞ്ഞത്.
ജില്ല പഞ്ചായത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ,ശുചിത്വ മിഷന് എന്നിവയില്‍ നിന്ന് പലഘട്ടങ്ങളായി അനുവദിച്ചുകിട്ടിയ 90 ലക്ഷം രൂപയോളം ചെലവഴിച്ചാണ് ക്രിമറ്റോറിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വായുമലിനീകരണം കുറച്ചുകൊണ്ടുള്ള രീതിയില്‍ നിര്‍മിച്ച് ക്രിമറ്റോറിയത്തില്‍ ഗ്യാസ് ചേംബര്‍, ഫര്‍ണസ് പോലുള്ളവ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതുക്കാട് നിയോജകമണ്ഡലത്തില്‍ ഇത്തരത്തില്‍ ആധുനിക സൗകര്യങ്ങളോടെ ഒരു ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന ആദ്യത്തെ ക്രിമറ്റോറിയമാണ് മറ്റത്തൂരിലേതെന്ന് പഞ്ചായത്ത് പ്രസിഡന്റ്് അശ്വതി വിബി പറഞ്ഞു. ജനസംഖ്യയില്‍ ജില്ലയില്‍ മുന്നിലുള്ള മറ്റത്തൂര്‍ പഞ്ചായത്തിന് സ്വന്തമായി ക്രിമറ്റോറിയമില്ലാത്തതിനാല് ഉറ്റവര്‍ മരണപ്പെട്ടാല്‍ ഭൗതിക ശരീരം സംസ്കരിക്കാന്‍ അകലെയു്ള ക്രിമറ്റോറിയങ്ങളെ ആശ്രയിക്കണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്.
ഇരിങ്ങാലക്കുട, കൊരട്ടി പോലുള്ള ദൂരസ്ഥലങ്ങളിലെ ക്രിമറ്റോറിയങ്ങളെയാണ് ഇവിടെയുള്ള ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. നാളെ ഉച്ചക്ക് രണ്ടിന് മറ്റത്തൂരിലെ പുതിയ ഗ്യാസ് ക്രിമറ്റോറിയം മന്ത്രി എം.ബി.രാജേഷ് നാടിനു സമര്‍പ്പിക്കുന്നതോടെ വര്‍ഷങ്ങള്‍ നീണ്ട ദുരിതത്തിന് അറുതിയാകും.