ശതാഭിഷേകനിറവിൽ തെക്കുമുറി കുമ്മാട്ടിമുഖങ്ങൾ
1587755
Saturday, August 30, 2025 1:31 AM IST
തൃശൂർ: കിഴക്കുംപാട്ടുകര തെക്കുമുറി കുമ്മാട്ടിയുടെ കാട്ടാളൻ, തള്ള, ഹനുമാൻമുഖങ്ങളുടെ ശതാഭിഷേകനിറവിൽ കുമ്മാട്ടിമഹോത്സവത്തിനൊരുങ്ങി തട്ടകം. പൗരാണികത വിളിച്ചോതുന്ന വില്ലടിച്ചാൻപാട്ടും പഞ്ചാരിമേളവും നാദസ്വരവും ശിങ്കാരിമേളവും ബാൻഡ്സെറ്റുമായാണ് ഇത്തവണത്തെ ആഘോഷം. കൊഴുപ്പുകൂട്ടാൻ കർണാടകയിൽനിന്നു ഡോളു കുനിത നാടൻകലാസംഘവും എത്തുന്നു.
84 വർഷങ്ങൾക്കുമുന്പ് ദേശത്തെ കാരണവൻമാരുടെ നേതൃത്വത്തിൽ ചേലക്കോട്ടുകര തോട്ടത്തിൽ ലെയ്നിൽ വിശ്വനാഥൻ ആചാരിയാണ് മൂന്നു മുഖങ്ങളും എണ്ണത്തോണിയിലിട്ട പ്ലാവിൻതടിയിൽ കൊത്തിയെടുത്തത്. തൃശൂരിലെ കുമ്മാട്ടിയുടെ ആരംഭകാലത്തു കവുങ്ങിൻപാളകൊണ്ടുള്ള മുഖങ്ങളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടതു തകരത്തിലേക്കും മരത്തിലേക്കും മാറുകയായിരുന്നു.
തൈക്കാട്ട് മൂസിന്റെ പരദേവതയായ വേട്ടേക്കരനുമായി ബന്ധപ്പെട്ടുള്ള മുഖങ്ങളാണു ശതാഭിഷേക നിറവിലുള്ളത്. കാട്ടാളൻ കിരാതരൂപത്തെയും തള്ള പാർവതിയെയും ഹനുമാൻ നന്ദികേശനെയും സൂചിപ്പിക്കുന്നു. പിൽക്കാലത്തു ശിവന്റെ ഭൂതഗണങ്ങളായി ദേവീദേവന്മാരുടെ രൂപത്തിലുള്ള പൊയ്മുഖങ്ങളും ഉപയോഗിക്കാൻ തുടങ്ങി.
മരത്തിൽതീർത്ത ഇരുപതോളം കുമ്മാട്ടിമുഖങ്ങളുള്ളതിൽ 13 മുഖങ്ങളാണ് ഇത്തവണത്തെ കുമ്മാട്ടിക്കളിക്കൊരുങ്ങുക. കോവിഡ് കാലത്തുപോലും മുടങ്ങാതെ ഓണക്കാലത്തു 110 വർഷമായി തെക്കുമുറി കുമ്മാട്ടിക്കളിയുമായി എത്തുന്നു.
സെപ്റ്റംബർ ആറിനാണ് ഇത്തവണ തെക്കുമുറി കുമ്മാട്ടി. ഇതിനു മുന്നോടിയായി നാളെ രാവിലെ 11നു തൈക്കാട്ട് മൂസിന്റെ ഇല്ലത്ത് വേട്ടേക്കരൻ സന്നിധിയിൽ ഓണവില്ലുകൊട്ടി കുമ്മാട്ടിക്കളിയും തുന്പിതുള്ളലും അവതരിപ്പിക്കും. കുമ്മാട്ടിമുഖങ്ങളുടെ 84-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി തെക്കുമുറി കുമ്മാട്ടി കുടുംബത്തിലെ 80 വയസുകഴിഞ്ഞവരെ ആദരിക്കും.
സെപ്റ്റംബർ മൂന്നിനു വൈകീട്ട് 6.30ന് തൈക്കാട്ട് മൂസിന്റെ ഇല്ലത്ത് പെരുവനം ശ്രീജിത്ത് ശങ്കറിന്റെ നേതൃത്വത്തിൽ അറുപതോളം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം. ആറിന് ഉച്ചയ്ക്ക് ഒന്നിനു വിവിധ വാദ്യമേളങ്ങളും നിശ്ചലദൃശ്യങ്ങളും ഉൾപ്പെടുത്തി ഘോഷയാത്ര. മൂസിന്റെ എസ്എൻഎ ഔഷധശാല അങ്കണത്തിൽനിന്നു തുടങ്ങുന്ന ഘോഷയാത്ര കിഴക്കുംപാട്ടുകര ദേശംവഴി ചേലക്കോട്ടുകര എസ്എൻഡിപി ജംഗ്ഷനിലെത്തി രാത്രി ഏഴോടെ മനയിൽ സമാപിക്കും.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് എം. ഉണ്ണികൃഷ്ണൻ, എം. ബാലകൃഷ്ണൻ, കൺവീനർ ഹേമന്ദ് ഹരി, പി.എ. വിപിൻ, പി.വി. മാനസൻ എന്നിവർ പങ്കെടുത്തു.