ബിജെപി കൗണ്‍സിലർമാരെ അയോഗ്യരാക്കാൻ നീക്കം
1587758
Saturday, August 30, 2025 1:31 AM IST
തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പുമായി ബന്ധപ്പെട്ടു ഹൈക്കോടതി പിഴ ചുമത്തിയ ബിജെപി കൗണ്‍സിലർമാരെ അയോഗ്യരാക്കാനുള്ള നടപടിയെടുക്കുമെന്നു തൃശൂർ കോർപറേഷൻ കൗണ്‍സിൽ. മുനിസിപ്പൽ ആക്ട്, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പു ചട്ടങ്ങൾപ്രകാരം നടപടിയെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാൻ ഇന്നലെ ചേർന്ന കൗണ്‍സിൽ തീരുമാനിച്ചു. ബിജെപി കൗണ്‍സിലർമാരായ വിനോദ് പൊള്ളഞ്ചേരി, പൂർണിമ സുരേഷ്, വി. ആതിര, എം.വി. രാധിക, കെ.ജി. നിജി, എൻ. പ്രസാദ് എന്നിവരും അഭിഭാഷകനായ അഡ്വ. പ്രമോദും അഞ്ചുലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നായിരുന്നു കോടതിവിധി.
ബിനി ടൂറിസ്റ്റ് ഹോമിന്റെ കരാർ എടുത്തവർ 2020ൽ കെട്ടിടം തിരിച്ചേൽപ്പിച്ചു. അഞ്ചുവട്ടം ടെൻഡർ വിളിച്ചിട്ടും ആരും ഏറ്റെടുത്തില്ല. 2022ൽ ഏറ്റവും കൂടിയ മാസവാടകയായ 7.50 ലക്ഷം രേഖപ്പെടുത്തിയയാൾക്കു നൽകി. ടെൻഡർ വിളിച്ചെടുത്ത പി.എസ്. ജനീഷ് മൂന്നുകോടി ചെലവിട്ടു കെട്ടിടം നവീകരിച്ചു. വൻവരുമാനം കോർപറേഷനു ലഭിക്കുന്നുണ്ടെന്നും മേയർ പറഞ്ഞു.
കോർപറേഷനു നഷ്ടം വരുത്താൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് ബിജെപി അംഗങ്ങൾക്ക് എതിരേ വന്ന വിധിയെന്നു മേയർ എം.കെ. വർഗീസ് കൗണ്‍സിലിൽ പറഞ്ഞു. കോർപറേഷനു കൂടുതൽ വരുമാനം ലഭിക്കാനായി സുതാര്യവും നിയമപരവുമായി നടത്തിയ നടപടികളാണ് തടസപ്പെടുത്തിയത്. ഇത്തരം നടപടികൾ ആവർത്തിക്കാൻ പാടില്ലെന്നും മേയർ ഓർമപ്പെടുത്തി.
ടെൻഡർ പൂഴ്ത്തിയെന്നു
രാജൻ ജെ. പല്ലൻ
തൃശൂർ: ബിനി ടൂറിസ്റ്റ് ഹോം പുതിയ നടത്തിപ്പുകാരനെ ഏൽപ്പിക്കാനുള്ള ടെൻഡർ നടപടികളുടെ ഫയൽ 14 മാസം പൂഴ്ത്തിവച്ച് മേയർ എം.കെ. വർഗീസ് ഒന്നരക്കോടിയോളം സാന്പത്തികനഷ്ടമുണ്ടാക്കിയെന്നു പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ. ആരോപണം സർവകക്ഷിഅംഗങ്ങളെ വച്ച് അന്വേഷിക്കണമെന്നും ശരിയെന്നു കണ്ടെത്തിയാൽ മേയറുടെ കൈയിൽനിന്ന് ഈടാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ഷാജിയെന്ന പ്രവാസി പ്രതിമാസം 13.5 ലക്ഷം രൂപയ്ക്കു ടെൻഡർ നൽകിയിരുന്നു. ഭരണപക്ഷത്തെ കൗണ്‍സിലർ ഭയപ്പെടുത്തി പിന്തിരിപ്പിച്ചു.
പഴയ മുനിസിപ്പൽ പ്രദേശത്തു വെള്ളക്കരം കുത്തനേ വർധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. കോർപറേഷൻപരിധിയിൽ വൈദ്യുതി-വെള്ളം വിതരണം ഏറ്റെടുക്കണം. അപകടാവസ്ഥയിലായ സ്കൂൾകെട്ടിടങ്ങൾ പൊളിക്കാത്തതിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും രാജൻ പല്ലൻ ആവശ്യപ്പെട്ടു.
ജോണ്‍ ഡാനിയൽ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവത്തിങ്കൽ, മുകേഷ് കൂളപറന്പിൽ, കൗണ്‍സിലർമാരായ ലാലി ജെയിംസ്, കെ. രാമനാഥൻ, എൻ.എ. ഗോപകുമാർ, മേഫി ഡെൽസണ്‍, ഏ.കെ. സുരേഷ്, വിനേഷ് തയ്യിൽ, എബി വർഗീസ് എന്നിവർ പ്രസംഗിച്ചു.