വൈപ്പിൻ റൂട്ടിൽ സ്വകാര്യബസുകളുടെ സമയം പുനക്രമീകരിക്കണമെന്ന്
1583615
Wednesday, August 13, 2025 8:20 AM IST
വൈപ്പിൻ: വൈപ്പിൻ റൂട്ടിൽ സ്വകാര്യബസുകൾക്ക് ലക്ഷ്യസ്ഥാനത്ത് ഓടിയെത്താനുള്ള സമയം ദീർഘിപ്പിച്ച് പുനക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിൽ പറവൂരിൽനിന്നും വൈപ്പിൻ സംസ്ഥാനപാത വഴി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ എത്താൻ ഒരു മണിക്കൂർ അഞ്ച് മിനിറ്റ് ആണ് സമയം അനുവദിച്ചിട്ടുള്ളത്.അതേപോലെ മുനമ്പത്ത് നിന്നും ഹൈക്കോട്ട് ജംഗ്ഷനിലേക്ക് ഒരു മണിക്കൂറും അഞ്ച് മിനിറ്റുമാണ് സമയം. ഈ രണ്ട് റൂട്ടുകളിലും അഞ്ച് മിനിറ്റ് സമയം കൂടി നീട്ടി നൽകിയാൽ ബസുകളുടെ മരണപ്പാച്ചിൽ കുറയുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം. വൻ വാഹന ബാഹുല്യമുള്ള ഇടുങ്ങിയ വൈപ്പിൻ സംസ്ഥാനപാതയിലൂടെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ പതിവാണ്. ഇതാകട്ടെ നിരവധി അപകടങ്ങൾ വരുത്തിവെക്കുന്നുമുണ്ട്.
എന്നാൽ റോഡിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാൽ പലപ്പോഴും സമയക്കുറവ് കൊണ്ടാണ് അമിത വേഗതയിൽ പോകുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇടുങ്ങിയ സംസ്ഥാനപാത ഇരുവശവും ഫുട്പാത്തുകൾ നിർമിച്ച് നവീകരിച്ചതോടെ ഇപ്പോൾ വാഹനങ്ങൾക്ക് വീണ്ടും സൗകര്യങ്ങൾ കുറഞ്ഞിരിക്കുകയാണത്രേ. ഒരു വാഹനം ബ്രേക്ക് ഡൗൺ ആയി വഴിയിൽ കിടന്നാൽ അവിടെ അതിഗുരുതരമായ ഗതാഗത തടസം അനുഭവപ്പെടുന്നതു ഇവിടെ പതിവാണെന്നും സ്വകാര്യ ബസ് തൊഴിലാളികൾ പറയുന്നു.
ഇതിനിടെ നിയമലംഘനം നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിശാല കൊച്ചി ദ്വീപ് വികസന സമിതി യോഗം പോലീസിനോട് ആവശ്യപ്പെട്ടു. മാത്രമല്ല രാവിലെയും വൈകുന്നേരവും തിരക്കുള്ള സമയങ്ങളിൽ പൊതു നിരത്തുകളിൽ ഡ്രൈവിംഗ് സ്കൂളുകൾ പ്രാക്ടീസ് നൽകുന്നതും നിയന്ത്രിക്കേണ്ടതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.ചെയർമാൻ ആന്റണി സജി അധ്യക്ഷനായി.