ഗോത്ര കലാ പൈതൃകങ്ങളുടെ വൈവിധ്യങ്ങളുമായി ഗദ്ദിക
1587306
Thursday, August 28, 2025 4:37 AM IST
കൊച്ചി: പട്ടികവിഭാഗങ്ങളുടെ തനതുകലകളും പരമ്പരാഗത ഉത്പന്നങ്ങളും പരിചയപ്പെടാന്‍ അവസരം ഒരുക്കി ഗദ്ദിക 2025 നാടന്‍ ഉത്പന്ന പ്രദര്‍ശന കലാമേളയ്ക്ക് നാളെ കൊച്ചിയില്‍ തുടക്കമാകും. വൈകുന്നേരം നാലിന് കലൂര്‍ ജെഎന്‍എല്‍ സ്റ്റേഡിയത്തില്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും.
സെപ്റ്റംബര്‍ രണ്ടുവരെ നീളുന്ന മേളയിലൂടെ പരമ്പരാഗത ഉത്പന്നങ്ങള്‍ കാണാനും വാങ്ങുന്നതിനും പാരമ്പര്യ കലാമേളകള്‍ ആസ്വദിക്കാനുമുളള അവസരം ഒരുക്കിയിട്ടുണ്ട്. 65 സ്റ്റാളുകളും, പട്ടികവര്‍ഗ, പിന്നാക്ക, കിര്‍ടാഡ്സ് വകുപ്പുകളുടെ 25 സ്റ്റാളുകളും ഉള്‍പ്പെടെ 90ലധികം സ്റ്റാളുകളും, പരമ്പരാഗത ഗോത്ര വിഭാഗക്കാരുടെ കുടിലുകളും ഏറുമാടങ്ങളും മേളയിലുണ്ടാകും.
പരമ്പരാഗത ഗോത്ര രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന ഭക്ഷണ സ്റ്റാളുകളും പരമ്പരാഗത ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ദിവസവും വിവിധ വിഷയങ്ങളില്‍ സെമിനാറുകളും വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനവും നടക്കും.
രാത്രികളില്‍ പട്ടിക വിഭാഗക്കാരുടെ പരമ്പരാഗത കലാരൂപങ്ങള്‍, പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.