വികസന കൈപ്പുസ്തകത്തെച്ചൊല്ലി ബഹളം : രണ്ടാം ദിവസവും കോർപറേഷൻ കൗൺസിൽ യോഗം അലങ്കോലമായി
1587317
Thursday, August 28, 2025 4:50 AM IST
കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കോര്പറേഷന് കൗണ്‍സില്‍ യോഗം അലങ്കോലമായി. ആദ്യദിനം അവസാന സമയത്തായിരുന്നെങ്കില്‍ ഇന്നലെ കൗണ്‍സില്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുമേന്തി സമരവുമായി കൗണ്‍സില്‍ നടപടികള്‍ തടസപ്പെടുത്തി.
പ്രതിപക്ഷത്തോട് ശാന്തരാകാന്‍ ആവശ്യപ്പെടുക പോലും ചെയ്യാതെ മേയര്‍ സഭാ നടപടികള്‍ അവസാനിപ്പിച്ച് ചെയര്‍ വിട്ടുപോയി. അപ്പോഴേക്കും കൗണ്‍സില്‍ ആരംഭിച്ച് അഞ്ച് മിനിറ്റ് മാത്രമേ പിന്നിട്ടിരുന്നുള്ളു.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഡിവിഷനുകളില്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിന് 40 ലക്ഷം മുടക്കി ബുക്ക്ലെറ്റുകള് അടിച്ച് വിതരണം ചെയ്യുന്ന പദ്ധതിയടക്കം പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ച ഒട്ടേറെ അജണ്ടകള്‍ ചര്‍ച്ച ചെയ്യേണ്ടിയിരുന്ന കൗണ്‍സിലാണ് ബഹളത്തെ തുടര്‍ന്ന് ആദ്യ മിനിറ്റുകളില്‍ തന്നെ അവസാനിപ്പിക്കേണ്ടി വന്നത്.
കോര്‍പറേഷന്റെ തനത് ഫണ്ട് ഉപയോഗിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുവെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഏഴാം നമ്പറായി ഉള്‍പ്പെടുത്തിയ അജണ്ട ചര്‍ച്ചയ്ക്ക് വരും മുന്‍പേ പ്രതിപക്ഷ ബഹളത്തിനിടെ മേയര്‍ കൗണ്‍സില്‍ നടപടികള്‍ അവസാനിപ്പിച്ചു ചെയര്വിട്ടുപോയി.
വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനെ യുഡിഎഫ് ഭയക്കുന്നത് എന്തിനെന്ന് മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ ചോദിച്ചു. ഭരണസമിതി നടപ്പാക്കിയ നേട്ടങ്ങളാണ് ബുക്ക്ലെറ്റിലുള്ളത്. പ്രതിപക്ഷത്തിന്റെ ഡിവിഷനുകളില്‍ ഉള്‍പ്പെടെ നടപ്പാക്കിയ മാതൃകാപരമായ വികസന പദ്ധതികളുണ്ട്. അതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് കൈപ്പുസ്തകം തയാറാക്കുന്നത്.
ഏറ്റവും കുറഞ്ഞനിരക്ക് ക്വാട്ട് ചെയ്ത സ്ഥാപനത്തെയാണ് കൈപ്പുസ്തകം തയാറാക്കാന്‍ പരിഗണിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
എന്നാല്‍ ക്ഷേമ പദ്ധതികള്‍ക്ക് പോലും പണം ചെലവഴിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്നത് അധികാരദുര്‍വിനിയോഗമാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും കുറ്റപ്പെടുത്തി.