ഓണക്കൊയ്ത്ത്
1587305
Thursday, August 28, 2025 4:37 AM IST
മേടവും ചിങ്ങവും കാര്‍ഷികസംബന്ധിയായ രണ്ട് സംക്രമ കാലങ്ങളാണ്.മേടത്തിനു തുടങ്ങുന്ന വിരിപ്പു കൃഷിയുടെ കൊയ്ത്ത് കാലമാണ് കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷ കാലമായ ഓണമായി കൊണ്ടാടുന്നത്.
കര്‍ക്കടകത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് പലയിടങ്ങളിലും ഇല്ലംനിറ. നെല്ക്കതിര് മുറ്റത്ത് വച്ച് പൂജിച്ച് പത്തായത്തിലും മച്ചിലും പൂജാമുറികളിലും കതിര് നിറയ്ക്കും. ചിലര്‍ കതിര്‍ക്കുലകള്‍ കെട്ടിയിടും. കര്‍ക്കടകം കഴിഞ്ഞാല്‍ ഉത്രാടം വരെയും ഉത്തര മലബാറില്‍ നിറയുണ്ട്.
ഉത്രാട നിറ കാസര് കോഡിന്റെ പ്രത്യേകതയാണ്. തെക്കന്‍ തിരുവിതാംകൂറില്‍ ഓണത്തിന് നെല്ലിന്റെ പിറന്നാളാണ്. ചിങ്ങത്തിലെ മകം ഇങ്ങനെ ആചരിക്കുന്നവരുണ്ട്. നെല്ലിനെ ഒഴുകുന്ന വെള്ളത്തില്‍ കുളിപ്പിച്ച് ആഘോഷപൂര്‍വം വീട്ടുമുറ്റത്തേക്ക് എത്തിച്ച് ചന്ദനമണിയിച്ച് പൂജിക്കുന്നതാണ് ചടങ്ങ്.
നിറയ്ക്കു ശേഷം ആദ്യത്തെ വിളവെടുപ്പിന്റെ പുന്നെല്ലരി കൊണ്ട് ആഹാരമുണ്ടാക്കുന്നതാണ് പുത്തരി നിവേദ്യം. പുത്തരി പായസം, പുത്തരി ചോറ്, പുത്തരി അവല് എന്നിവയും ഉണ്ടാക്കും. ഗുരുവായൂര്‍, ശബരിമല, ഹരിപ്പാട് ക്ഷേത്രങ്ങളില്‍ നിറ പുത്തരി ചടങ്ങുകള്‍ പ്രശസ്തമാണ്. ഓണക്കൊയ്ത്തിന്റെ ഈ പുത്തരി ഊണോടെയായിരുന്നു പണ്ടത്തെ ഓണസദ്യകള്.