പറവൂർ ചന്തയും പരിസരവും മാലിന്യക്കൂമ്പാരമായി
1587588
Friday, August 29, 2025 4:50 AM IST
പറവൂർ: പറവൂർ ചന്തയും പരിസരവും മാലിന്യക്കൂമ്പാരമായി. മഴ പെയ്തതോടെ പച്ചക്കറി മാലിന്യങ്ങളും വെള്ളവും നിറഞ്ഞ് നടക്കാൻ മറ്റാത്ത അവസ്ഥയാണ്.ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പച്ചക്കറി ചന്ത നടക്കുന്നത്. ചന്തയുടെ പ്രവർത്തനം കഴിഞ്ഞാൽ വൈകിട്ടോടെ പച്ചക്കറി അവശിഷ്ടങ്ങൾ നഗരസഭ മാറ്റാറാണ് പതിവ്.
എന്നാൽ കഴിഞ്ഞ ചന്തയ്ക്കു ശേഷമുള പച്ചക്കറി മാലിന്യങ്ങളും മറ്റും അങ്ങിങ്ങായി കുന്നുകൂടി കിടക്കുകയാണ്. രണ്ട് ദിവസമായി മഴ പെയ്തതോടെ ഇവ ചീഞ്ഞ് ദുർഗന്ധമായി. ഇന്ന് ചന്തയിലെത്തുന്നവർക്ക് മൂക്കുപൊത്തി മാത്രമേ സാധനങ്ങൾ വാങ്ങാനാകു. മാത്രമല്ല സമീപത്തുള്ള കാന വൃത്തിയാക്കിയിട്ടും നാളേറെയായി. അതിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം കൂടിയാകുമ്പോൾ ജനം വലയുമെന്നുറപ്പാണ്.
ചന്ത കഴിഞ്ഞാൽ അന്നു തന്നെ അവിടം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ടതാണെങ്കിലും നഗരസഭാ ഭരണാധികാരികൾ കേട്ട ഭാവം നടിക്കുന്നില്ലെന്ന് വാർഡ് കൗൺസിലർ എം.കെ. ബാനർജി പറഞ്ഞു.
കച്ചവടക്കാർക്കും ജനത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പച്ചക്കറി മാലിന്യം കുന്നുകൂടിയത് നീക്കം ചെയ്യണമെന്നും അല്ലെങ്കിൽ സമരം നടത്തുമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ(സിഐടിയു), മത്സ്യത്തൊഴിലാളി ഫെഡറേഷൻ(എഐടിയുസി) മാർക്കറ്റ് ഭാരവാഹികളായ സി.എ.രാജീവ്, അജി മാട്ടുമ്മൽ എന്നിവർ ആവശ്യപ്പെട്ടു.