സിആർഇസെഡ്: എടവനക്കാട് പഞ്ചായത്തിന് മുന്നിൽ സമരം
1587325
Thursday, August 28, 2025 5:02 AM IST
വൈപ്പിൻ: സംസ്ഥാനത്ത് സിആർഇസഡ് നിയമത്തിലെ മാർഗനിർദ്ദേശങ്ങളിൽ നിർണയകമായ തിരുത്ത് വരുത്തിയിട്ടും ഭവന നിർമാണത്തിന് അപേക്ഷ വെക്കുന്നവരെ ആട്ടിയോടിക്കുന്ന എടവനക്കാട് പഞ്ചായത്തിലെ ഉദ്യോഗസ്ഥ നിലപാടിനെതിരെ സിആർ സെഡ് ആക്ഷൻ കൗൺസിലിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമരം നടത്തി.
പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാർ ഓഫീസിൽ ഇല്ലാതിരുന്നതിനാൽ ആക്ഷൻ കൗൺസിൽ ചെയർമാൻ കെ. സലിഹരന്റെ നേതൃത്വത്തിൽ എത്തിയ സമരക്കാർ പഞ്ചായത്തിനു മുന്നിൽ കുത്തിരുന്നു. തിരുത്തൽ അനുസരിച്ച് കഴിഞ്ഞ 14ന് കേരളതീരദേശ പരിപാലന മാനേജ്മെന്റ് അഥോറിറ്റി പഞ്ചായത്തുകൾക്ക് വ്യക്തമായ ഉത്തരവ് നൽകിയിട്ടുള്ളതാണെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.
ഇതുപ്രകാരം അപേക്ഷകന്റെ ഭൂമി മാപ്പിൽ വികസന നിഷിദ്ധ മേഖലയിൽ ആയിരുന്നാലും തദ്ദേശവാസി ആണെങ്കിൽ 3229 ചതുരശ്ര അടി വരെയുള്ള വീട് നിർമാണത്തിന് അനുവാദം നല്കാൻ പഞ്ചായത്തുകൾക്ക് കഴിയുമത്രേ.
എന്നാൽ ഈ ഉത്തരവ് ലഭിച്ച് ഒരു മാസം പിന്നിട്ടിട്ടും ഉദ്യോഗസ്ഥ ധാർഷ്ട്യം മൂലം ഇതിന്റെ ആനുകൂല്യം ഇവിടുത്തെ സാധാരണക്കാർക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.