26 ഹൈബ്രീഡ് നായകളോടൊപ്പം മൂന്നാം ക്ലാസുകാരനെ തനിച്ചാക്കി പിതാവ് കടന്നു
1587304
Thursday, August 28, 2025 4:37 AM IST
തൃപ്പൂണിത്തുറ: 26 നായകളോടൊപ്പം മൂന്നാം ക്ലാസുകാരനായ മകനെ തനിച്ചാക്കി പിതാവ് കടന്നു കളഞ്ഞു. എരൂർ പിഷാരി കോവിൽ റോഡിനടുത്തുള്ള തൈക്കാട്ട് ദേവീ ക്ഷേത്രത്തിനു സമീപത്തെ വാടക വീട്ടിലാണ് 26 ഹൈബ്രീഡ് നായകളെയും മകനെയും ഉപേക്ഷിച്ച് പിതാവ് സുധീഷ് എസ്. കുമാർ പോയത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. വീട്ടിൽ തനിച്ചായ കുട്ടി പിറ്റേന്ന് ഫോണിൽ പോലീസിനെ വിളിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.
സ്ഥലത്തെത്തിയ പോലീസ് തിങ്കളാഴ്ച രാത്രിയോടെ കുട്ടിയെ ബന്ധുക്കളെ ഏൽപ്പിച്ചു. പിതാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായിരുന്നില്ല. കുട്ടിയുടെ മാതാവ് വിദേശത്താണെന്ന് പറയുന്നു. മൂന്നു ദിവസത്തിലധികമായി ഭക്ഷണവും മറ്റും കിട്ടാതെ പട്ടിണിയിലായ നായകൾ റോഡിലേക്കിറങ്ങി അലയാൻ തുടങ്ങിയിരുന്നു.
വാർഡ് കൗൺസിലർ പി.ബി. സതീശൻ അറിയിച്ചതനുസരിച്ച് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവൻ സ്ഥലത്തെത്തി നായകൾക്ക് ഭക്ഷണം നൽകി. പിന്നീട് നായകളെ ഇവിടെനിന്നും മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെ തുടർന്ന് 26 നായകളെയും കൊച്ചിയിൽ നായകളെ പരിപാലിക്കുന്ന ഷെൽട്ടറിലേക്ക് ഇന്നലെ വൈകുന്നേരത്തോടെ മാറ്റി.