വാക്പോര്, ബഹളം; കൗണ്‍സില്‍ യോഗം പിരിഞ്ഞു
1587115
Wednesday, August 27, 2025 7:42 AM IST
കൊച്ചി: നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യനീക്കവുമായി ബന്ധപ്പെട്ട് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന് കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് മേയര്‍ ഒത്താശ ചെയ്യുകയാണെന്നും പിന്നില്‍ സിപിഎം താല്പര്യങ്ങളുണ്ടെന്നുമുള്ള പ്രതിപക്ഷ ആരോപണം കൊച്ചി കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ വാക്പോരിനും ബഹളത്തിനും ഇടയാക്കി.
പാര്‍ട്ടിയെ അനാവശ്യമായി വലിച്ചിഴച്ചതിലായിരുന്നു സിപിഎം കൗണ്‍സിലര്‍മാരുടെ എതിര്‍പ്പ്. തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തെ നേരിട്ടു. ഇതിനിടെ കൗണ്‍സില്‍ യോഗം അവസാനിപ്പിച്ച് മേയര്‍ ചെയര്‍വിട്ട് ഇറങ്ങിപ്പോയി. തെളിവ് നല്‍കാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് യുവ സിപിഎം അംഗങ്ങള്‍ കൗണ്‍സില്‍ ഹാളിന്റെ വാതില്‍ കുറ്റിയിട്ടു. മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.
കളക്ഷന്‍ പോയിന്റില്‍ നിന്ന് തൂക്കം അളക്കുന്ന അതേ പ്ലാസ്റ്റിക് മാലിന്യം ആര്‍ആര്‍ആറില്‍ എത്തിച്ച് വീണ്ടും ഭാരം അളക്കുന്നതുവഴി നഗരസഭയ്ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നുവെന്നാണ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഇതുവഴി യഥാര്‍ഥ ഭാരത്തേക്കാള്‍ ഇരട്ടി ഭാരം കണക്കാക്കപ്പെടുന്നതായും കൂട്ടിക്കാണിച്ച ഭാരത്തിനുള്ള തുകയാണ് കരാര്‍ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എതിര്‍പ്പറിയിച്ച റിപ്പോര്‍ട്ട് അവഗണിച്ച് കരാര്‍ ഏജന്‍സിക്ക് മേയര്‍ പണം അനുവദിച്ചത് സ്വന്തം പാര്‍ട്ടിക്കാരായ മാലിന്യ നീക്ക വാഹന കരാറുകാരെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും യുഡിഎഫ് പാര്‍ലമെന്ററി നേതാവ് എം.ജി. അരിസ്റ്റോട്ടിലും ആരോപിച്ചു. ഇതേതുടര്‍ന്നാണ് സിപിഎം കൗണ്‍സിലര്‍മാര്‍ എതിര്‍പ്പുമായി നടുത്തളത്തിലിറങ്ങിയത്.
ടോണി ചമ്മണി മേയറായിരുന്ന യുഡിഎഫ് ഭരണകാലത്താണ് പ്രതിപക്ഷം ആക്ഷേപം ഉന്നയിക്കുന്ന ഏജന്‍സിക്ക് ബ്രഹ്മപുരത്തുനിന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ കരാര്‍ നല്‍കിയതെന്ന് മേയര്‍ എം. അനില്‍കുമാര്‍ തിരിച്ചടിച്ചു.
തെരുവുവിളക്ക് തെളിക്കാന്‍ യുഡിഎഫ് കാലത്ത് ചെലവെത്ര? റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മേയര്‍
കൊച്ചി: നഗരത്തില്‍ തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പ്രതിപക്ഷ ആരോപണത്തെ മേയര്‍ നേരിട്ടത് യുഡിഎഫ് ഭരണകാലത്തെ ചെലവിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്. 2010 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ തെരുവുവിളക്ക് പ്രവര്‍ത്തിപ്പിക്കാന്‍ എത്ര രൂപ ചെലവായി എന്നുള്ള റിപ്പോര്‍ട്ടാണ് അടുത്ത കൗണ്‍സില്‍ യോഗത്തിന് മുന്‍പ് നല്കാന് സെക്രട്ടറിയോട് മേയര്‍ എം. അനില്‍കുമാര്‍ ആവശ്യപ്പെട്ടത്.
സിഎസ്എംഎല്‍ പദ്ധതിവഴി നഗരസഭയില്‍ സ്ഥാപിച്ച 40,000 തെരുവു വിളക്കുകളില്‍ 5600 ഓളം എണ്ണം കത്തുന്നില്ലെന്നായിരുന്നു പ്രതിപക്ഷം ആക്ഷേപം. എന്നാല്‍ സ്മാര്‍ട്സിറ്റി പദ്ധതിവഴി സംസ്ഥാനത്ത് നടപ്പാക്കിയ മികച്ച തെരുവുവിളക്ക് സംവിധാനമാണ് കൊച്ചിയിലുള്ളതെന്നും ഇതുവരെ ഉണ്ടായിരുന്നതിനാല്‍ ലാഭകരത്തിലാണ് ഇപ്പോള്‍ തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും മേയര്‍ പറഞ്ഞു.
ഇക്കാര്യം പ്രതിപക്ഷത്തെ ബോധ്യപ്പെടുത്താനാണ് യുഡിഎഫ് കാലത്തെ തെരുവുവിളക്കുകളുടെ ചെലവ് കണക്കുകൾ കൗണ്‍സിലില്‍ വയ്ക്കാന്‍ മേയര്‍ ആവശ്യപ്പെട്ടത്.