ഓണാഘോഷം: കോളജുകള്‍ കേന്ദ്രീകരിച്ചും പരിശോധന
1587307
Thursday, August 28, 2025 4:37 AM IST
കൊച്ചി: കലാലയങ്ങളിലെ ഓണാഘോഷ പരിപാടികള്‍ അതിരുകടക്കാതിരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശോധന നടത്തി.
ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തിലാണ് കലാലയങ്ങള്‍ കേന്ദ്രീകരിച്ച് വാഹന പരിശോധന നടത്തിയത്. കൊച്ചിന് കോളജ്, ഗുജറാത്തി കോളജ്, കെഎംഇഎ കോളജ്, ഫാത്തിമ സ്കൂള്‍, മോഡല്‍ എന്‍ജിനീയറിംഗ് കോളജ്, ഫിസാറ്റ്, മോണിംഗ് സ്റ്റാര്‍ എന്നീ കോളജുകളിലാണ് പരിശോധന നടത്തിയത്.
അശ്രദ്ധമായ ഡ്രൈവിംഗ്, അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഓടിക്കുന്നത്, സൈലന്‍സര്‍ മാറ്റം വരുത്തുന്നത്, ഹെല്‍മെറ്റ് ധരിക്കാതെയുള്ള യാത്ര, അനുവദനീയമായതിലും അധികം ആളുകളുമായി യാത്ര ചെയ്യുന്നത് തുടങ്ങിയ നിയമലംഘനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.