വിലക്കയറ്റവും കരിഞ്ചന്തയും : 32 സ്ഥാപനങ്ങളില്‍ പരിശോധന; ക്രമക്കേടിൽ നോട്ടീസ്
1587312
Thursday, August 28, 2025 4:37 AM IST
കൊച്ചി: ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റത്തില്‍ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയില്‍ മിന്നല്‍ പരിശോധന. വിവിധയിടങ്ങളിലായി ജില്ലയിലെ 32 സ്ഥാപനങ്ങളിലാണ് പൊതുവിതരണ വകുപ്പ്, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സ്ക്വാഡ് പരിശോധന നടത്തിയത്.
വിവിധ വ്യാപാര സ്ഥാപനങ്ങള്‍, പലവ്യഞ്ജന പച്ചക്കറി വിപണന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. സാധനങ്ങളുടെ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്തത്, അളവുതൂക്ക ഉപകരണങ്ങളിലെ കൃത്രിമം, ലൈസന്സില്ലായ്മ, പാക്കിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കാത്തത്, ഭക്ഷണത്തിനു ഗുണനിലവാരമില്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്കി.
ഓണത്തോടനുബന്ധിച്ച് അവശ്യസാധനങ്ങളുടെ വിലക്കയറ്റവും കരിഞ്ചന്തയും തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ. ബിന്ദു, ലീഗല്‍ മെട്രോളജി അസി. കണ്ട്രോളര് എം.വി. അജിത്കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍ രാജീവ് സൈമണ്‍,
സീനിയര്‍ സൂപ്രണ്ട് പി.എ. റിയാസ്, കൊച്ചി അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ക്രിസ്റ്റിന വര്‍ക്കി, സിപിഒമാരായ പി.എം. നൗഷാദ്, രാജേഷ് തങ്കമണി, പൊതുവിതരണ വകുപ്പ് ജീവനക്കാരന് കെ. രാധേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.