കെട്ടിട നന്പർ പുതുക്കി നല്കുന്നില്ല : നഗരസഭക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങി കൂത്താട്ടുകുളത്തെ വ്യാപാരികൾ
1587330
Thursday, August 28, 2025 5:02 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ വ്യാപാരികൾ നഗരസഭക്കെതിരെ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. കെട്ടിട നമ്പർ പുതുക്കി ലഭിക്കാത്തതിനെ തുടർന്ന് നഗരത്തിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളുടെയും ലൈസൻസ് പുതുക്കാൻ സാധിക്കുന്നില്ല. എംസി റോഡ് വികസനവുമായി ബന്ധപ്പെട്ട പല സ്ഥാപനങ്ങളുടെയും മുഖംമിനുക്കൽ നടത്തിയിരുന്നു. ഇത് പുതിയ നിർമാണമായി കണക്കാക്കി കെട്ടിടങ്ങൾക്ക് നമ്പർ പുതുക്കി നൽകാതിരിക്കുകയാണ് അധികൃതർ ചെയ്തിട്ടുള്ളത്.
കെട്ടിട നിർമാണത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭേദഗതികൾ വരുത്തിയിട്ടുണ്ടെങ്കിൽ
നിർമാണം നടത്തിയ ഭാഗങ്ങളിൽ നിലവിലുള്ള ടാക്സിന്റെ മൂന്നിരട്ടി ഈടാക്കാനും പഴയ ഭാഗങ്ങൾക്ക് നേരത്തെയുള്ള ടാക്സ് തന്നെ തുടരാനും മന്ത്രിയുടെ ഓഫീസിൽ നിന്നും ഉത്തരവിട്ടിട്ടുണ്ട്. ഇതൊന്നും പാലിക്കാൻ ഉദ്യോഗസ്ഥർ ഇതുവരെ തയാറായിട്ടില്ല. കെ സ്മാർട്ട് സോഫ്റ്റ്വേറിലൂടെയാണ് ലൈസൻസ് പുതുക്കുന്നത്.
സോഫ്റ്റ്വേറിനുള്ളിൽ വ്യാപാരസ്ഥാപന പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നമ്പർ നൽകിയാൽ മാത്രമേ മുന്നോട്ടു പോകാനാകൂ. വ്യാപാരികൾക്ക് ബാങ്ക് ലോണുകൾ ഉൾപ്പെടെയുള്ള ധനസഹായങ്ങൾ ലഭിക്കണമെങ്കിൽ പ്രധാനമായി വേണ്ടത് വ്യാപാരസ്ഥാപനത്തിന്റെ കെട്ടിട നമ്പറാണ്. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് സ്ഥാപനങ്ങൾക്ക് ഇതുവരെ നമ്പർ ലഭിക്കാതിരിക്കാൻ കാരണമെന്നാണ് വ്യാപാരികളുടെ ആരോപണം.
പലപ്പോഴും കെട്ടിടവുമായി ബന്ധപ്പെട്ട അളവുകൾ എടുക്കുന്നതിനും മറ്റും വരുന്നത് താത്കാലിക ജീവനക്കാരാണെന്നും ഇവരുടെ പരിജ്ഞാന കുറവും പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. കൂത്താട്ടുകുളം സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തിൽ നിന്നും ഉയർത്തപ്പെട്ട് മുനിസിപ്പാലിറ്റി ആക്കിയ കാലയളവ് മുതൽ വ്യാപാരികൾ കെട്ടിട നമ്പറുമായി ബന്ധപ്പെട്ട നൂലാമാലകളിൽ അകപ്പെട്ടിരിക്കുകയാണ്.
നീതി തേടിയുള്ള യാത്രയുടെ ആദ്യപടിയായി മുനിസിപ്പൽ ലൈസൻസ് ലഭിക്കാത്തവരുടെ ഒരു യോഗം ഈ മാസം 30ന് വൈകുന്നേരം ഏഴിന് വ്യാപാര ഭവൻ ഹാളിൽ നടക്കുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മർക്കോസ് ജോയി, സെക്രട്ടറി ഇ.എം. വർഗീസ് എന്നിവർ അറിയിച്ചു.