വല്ലാർപാടം ബൈബിൾ കൺവൻഷൻ തുടങ്ങി
1587320
Thursday, August 28, 2025 4:50 AM IST
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിലുള്ള 13-ാമത് വല്ലാർപാടം കൃപാഭിഷേകം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്രമായ തുടക്കം. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയോടെയാണു കൺവൻഷനു തുടക്കമായത്. വചനശുശ്രൂഷകൾ വിശ്വാസ സമൂഹത്തിന്റെ ജീവിത നവീകരണത്തിനും മാനസാന്തരത്തിനും നിദാനമാകണമെന്ന് ആർച്ച്ബിഷപ് ഉദ്ഘാടന സന്ദേശത്തിൽ ഓർമിപ്പിച്ചു.
വികാരി ജനറാൾ മോൺ. മാത്യു ഇലഞ്ഞിമറ്റം, ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത് എന്നിവർ സഹകാർമികരായി. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് അഞ്ചു ദിവസത്തെ കൺവൻഷൻ നയിക്കുന്നത്. ദിവസവും വൈകുന്നേരം നാലു മുതൽ ഒന്പതു വരെയാണ് ശുശ്രൂഷകൾ. 31നു സമാപിക്കും.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, അതിരൂപത പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി ഷൈൻ കാട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകുന്നു. ദിവസവും കൺവൻഷനു ശേഷം വിശ്വാസികൾക്കായി വിവിധ സ്ഥലങ്ങളിലേക്കു യാത്രാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.