ഓണസങ്കല്‍പ്പത്തിലെ ഓണത്താര്
1587568
Friday, August 29, 2025 4:21 AM IST
കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഓണത്തിന്റെ വരവറിയിച്ച് വീടുകളില്‍ എത്തുന്ന തെയ്യമാണ് ഓണത്താര്. പട്ടുടയാട ചുറ്റി, കിരീടമണിഞ്ഞ്, ചെറു മണിയും ഓണവില്ലും കൈയിലേന്തിയാണ് ഓണത്താറുടെ വരവ്.
ചില ഭാഗങ്ങളില്‍ അത്തം മുതല്‍ തിരുവോണം വരെ ഓണത്താര് ഭവനങ്ങളില്‍ എത്തും. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളില്‍ മഹാവിഷ്ണു സങ്കല്പമാണ് ഓണത്താറിനുള്ളത്. ബാലരൂപത്തിലുള്ള ശ്രീകൃഷ്ണനായും സങ്കല്പമുണ്ട്. എന്നാല്‍ മറ്റിടങ്ങളില്‍ ഓണത്താർ എന്നാല്‍ മഹാബലി സങ്കല്പമാണ്. ഉത്രാടത്തിനും തിരുവോണത്തിനുമാണ് മഹാബലി സങ്കല്പത്തോടെ ഓണത്താര് ഇവിടങ്ങളില്‍ എത്തുക.
പൂക്കളത്തിനു ചുറ്റും ഓണത്താര് പാട്ടിന്റെ അകമ്പടിയോടെ നൃത്തംവയ്ക്കും. മഹാബലിയുടെ ആഗമന കഥയാണ് ഇതിവൃത്തം. മാവേലിപ്പാട്ടെന്നും ഓണപ്പാട്ടെന്നും ഇത് പറയപ്പെടുന്നു. വണ്ണാന്‍ സമുദായത്തിലെ ആണ്‍കുട്ടികളാണ് ഓണത്താര് വേഷം കെട്ടുക.
പണ്ട് മഹാബലി എന്ന് പേരായ്, ഉണ്ടായി പണ്ടൊരു ദാനവേന്ദ്രന്‍ എന്ന് തുടങ്ങുന്ന പാട്ടില്‍ മാവേലിയുടെ നന്മ നിറഞ്ഞ രാജ്യഭരണവും അതുകണ്ട് വാമനവേഷം പൂണ്ടെത്തുന്ന മഹാവിഷ്ണു, മന്നനെ പാതാളത്തിലേക്ക് അയയ്ക്കുന്നതുമെല്ലാം പാട്ടില്‍ വിശദമാക്കുന്നുണ്ട്.
ഓരോ വീട്ടുമുറ്റത്തുമെത്തി ചെണ്ടയില്‍ താളമൊരുക്കി പാടുമ്പോള്‍, തെയ്യം കൈയിലേന്തിയ ചെറുമണി കിലുക്കി ചുവടുവയ്ക്കും. വീട്ടമ്മമാര്‍ പണവും ധാന്യവും നല്കി തെയ്യത്തെ യാത്രയാക്കുന്നു.