വിമാനത്താവളത്തിലേക്ക് വാട്ടര്‍മെട്രോ; പ്രാരംഭ പഠനം ആരംഭിച്ചു
1587570
Friday, August 29, 2025 4:21 AM IST
കൊച്ചി: വാട്ടര്‍ മെട്രോ ആലുവയില്‍നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യതാപഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു.പ്രാരംഭപഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രാരംഭ പഠനത്തിന്റെ ഭാഗമായി ഏതുതരം ബോട്ടാണ് ഇവിടെ സര്‍വീസ് നടത്താന്‍ സാധ്യയുള്ളത് എന്ന് പഠിക്കും. കണക്ടിവിറ്റി ഏതൊക്കെ മാര്‍ഗത്തിലാകണം എന്നതും പഠനവിധേയമാക്കും. ആലുവ വാട്ടര്‍മെട്രോ ടെര്‍മിനലിലേക്ക് ആലുവ മെട്രോ സ്റ്റേഷനെ ബന്ധിപ്പിക്കുന്നതിന് ആകാശപാതയാണോ ഉപകാരപ്രദം എന്ന കാര്യവും പരിശോധിക്കും, ഏകദേശം എട്ട് കിലോമീറ്ററാണ് ആലുവയില്‍നിന്ന് പെരിയാറിലൂടെ വിമാനത്താവളത്തിലേക്കുള്ള ദൂരം.
ആലുവയില്‍ നിന്ന് ആരംഭിച്ച് എയര്‍പോര്‍ട്ടില്‍ അവസാനിക്കുന്ന പോയിന്റ് ടു പോയിന്റ് സര്‍വീസാണോ ഇടയ്ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതാണോ അഭികാമ്യം, എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം തുടങ്ങിയ കാര്യങ്ങളും പ്രാരംഭ സാധ്യതാ പഠനത്തിന്റെ ഭാഗമായി പരിശോധിക്കും.