കുന്നത്തേരി കവല വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു
1587589
Friday, August 29, 2025 4:50 AM IST
ആലുവ : ചൂർണിക്കര പഞ്ചായത്തിലെ പൈപ്പ് ലൈൻ റോഡ്, കുന്നത്തേരി റോഡ് എന്നിവ സംഗമിക്കുന്ന കുന്നത്തേരി ജംഗ്ഷൻ വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജംഗ്ഷൻ വീതി കൂട്ടുവാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് വാർഡംഗം കെ.കെ. ശിവാനന്ദൻ പൊതു മരാമത്ത് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
ദേശീയ പാതയിലെ തിരക്ക് ഒഴിവാക്കി മുട്ടം മെട്രോ യാർഡ്, കൊമ്പാറ, കളമശേരി, ആലുവ ഭാഗങ്ങളിൽ നിന്ന് ചെറുതും വലുതുമായ നൂറു കണക്കിന് വാഹനങ്ങളാണ് കുന്നത്തേരി പി ഡബ്ല്യൂ ഡി റോഡിലൂടെ കടന്നു പോകുന്നത്.
കെ എസ് ആർ ടി സി, പ്രൈവറ്റ് ബസുകളും ഇത് വഴി സർവീസ് നടത്തുന്നുണ്ട്. കൂടാതെ നിരവധി സ്കൂൾ ബസുകളും രാവിലെയും വൈകിട്ടും ഇതുവഴി പോകുന്നുണ്ട്. തിരക്കേറിയ കുന്നത്തേരി കവലയുടെ വികസനം നടപ്പാക്കുവാൻ സ്ഥലം ഏറ്റെടുക്കാതെ നിവൃത്തിയില്ല.
ചൂർണിക്കര പഞ്ചായത്തും ഇതേ ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ഇവിടെ റോഡിനു ആവശ്യമായ സ്ഥലം ഇല്ലാത്തതിനാൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വലിയ വാഹനങ്ങൾ കടന്നു പോകുവാൻ പ്രയാസവുമാണ്. പ്രദേശത്തിന്റെ പ്രാധാന്യം കണക്കിലെടുത്തു എത്രയും വേഗം ഈ കവലയുടെ വികസനം നടപ്പാക്കുവാനുള്ള നടപടികളും സ്ഥലം ഏറ്റെടുക്കലും ഉടൻ ആരംഭിക്കണമെന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ശിവാനന്ദൻ ആവശ്യപ്പെട്ടു.
ഇതിനിടയിൽ കുന്നത്തേരി ജംഗ്ഷനിലെ ഗതാഗത്തിന് തടസ്സമായിരുന്ന ബിഎസ്എൻഎൽ ബോക്സ് കഴിഞ്ഞ ദിവസം മാറ്റി. പൈപ്പ് ലൈൻ റോഡും പിഡബ്ല്യു റോഡും കൂടിച്ചേരുന്ന കുന്നത്തേരി ജംഗ്ഷനിലെ ഈ ബോക്സിൽ അടിയിലെ പൈപ്പ് പൊട്ടിയത് മാറ്റി സ്ഥാപിക്കാനാണ് ബോക്സ് മാറ്റിയത്.
പിന്നീട് അത് അവിടെ സ്ഥാപിക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഗതാഗതത്തിന് തടസമായി നിന്ന ബോക്സ് സ്ഥാപിക്കാൻ ശ്രമിച്ചാൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് ഇറങ്ങുമെന്ന് ബിജെപി ചൂർണിക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജേഷ് ബത്തേരി പറഞ്ഞു.