വരുമാനം കണ്ടെത്താന്‍ സുഭാഷ് പാര്‍ക്ക് : പരിപാടികള്‍ക്കു വിട്ടുനല്‍കുന്നു
1587576
Friday, August 29, 2025 4:21 AM IST
കൊച്ചി: സായാഹ്നങ്ങളില്‍ സമയം ചെലവിടുന്നതിനായി കൊച്ചിക്കാരുടെ പ്രിയ ഇടമായ സുഭാഷ് പാര്‍ക്ക് വരുമാന നേട്ടത്തിനായി ഇതര പരിപാടികള്‍ക്കു വിട്ടുനല്‍കാന്‍ നീക്കം. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് അജണ്ട കൗണ്‍സിലില്‍ വന്നെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് യോഗം അലസിപ്പിരഞ്ഞതിനാല് ചര്‍ച്ച ഇല്ലാതെ അജണ്ട പാസാക്കി.
പാര്‍ക്കിന്റെ സ്വഭാവത്തിന് ഇളങ്ങുന്ന പരിപാടികള്‍ക്കു മാത്രമേ അനുമതി നല്‍കുകയുള്ളൂവെന്നാണ് കോര്‍പറേഷന്റെ ഉറപ്പ്. എന്നാല്‍ ഇതുമൂലം പാര്‍ക്കിലെ ശാന്തമായ അന്തരീക്ഷം ഇല്ലാതാകുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിയാണ് ആശയത്തിനു പിന്നില്‍. പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനും പരിപാലനത്തിനും വരുമാനം കണ്ടെത്തുകയെന്നതാണ് ലക്ഷ്യം. പാര്‍ക്കിനുള്ളിലെ കൂത്തമ്പലം, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയ ഇടങ്ങളാണ് വിട്ടുനല്‍കുക. പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി ടൗണ്‍ പ്ലാനിംഗ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം. കമ്മിറ്റി അപേക്ഷകള്‍ പരിശോധിച്ച ശേഷം പാര്ക്കിന് അനിയോജ്യമായവയ്ക്ക് അനുമതി നല്‍കും.
കോര്‍പറേഷന്റെ സഹോദര സ്ഥാപനമായ സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് (സിഹെഡ്) ആണ് പാര്‍ക്കിന്റെ നടത്തിപ്പും പരിപാലനവും ചെയ്തുവരുന്നത്. അറ്റകുറ്റപ്പണികള്‍ക്കും തൊഴിലാളികള്‍ക്കുള്ള ശമ്പളത്തിനും മറ്റും പണം കണ്ടെത്തിയിരുന്നത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള സിഎസ്ആര്‍ ഫണ്ടുകളില്‍ നിന്നാണ്. ഈ പണം എല്ലായിപ്പോഴും ലഭിക്കണമെന്നുമില്ല.
ഫണ്ട് ലഭിക്കാതെ വന്നാലും പാര്‍ക്കിന്റെ പരിപാലനം മുടങ്ങാതിരിക്കാനാണ് മറ്റു വരുമാന മാര്‍ഗങ്ങള്‍കൂടി തേടുന്നതെന്നാണ് കോര്‍പറേഷന്റെ പക്ഷം. എന്നാല്‍ പാര്‍ക്കിനെ സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിന്റെ ആദ്യപടിയാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മറ്റു പാര്‍ക്കുകളുടെ പരിപാലനത്തിനും നടത്തിപ്പിനും ലക്ഷങ്ങള്‍ തനതുഫണ്ടില്‍ നിന്ന് ചെലവഴിക്കുമ്പോള്‍ സുഭാഷ് പാര്‍ക്കില്‍ മറ്റു ധനസമാഹരണ മാര്‍ഗങ്ങള്‍ തേടുന്നത് എന്താണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ജി. അരിസ്റ്റോട്ടിലും ചോദിച്ചു. പദ്ധതിയോടുള്ള എതിര്‍പ്പ് പ്രതിപക്ഷം രേഖമൂലം മേയര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.