കൂത്താട്ടുകുളത്തിന്റെ നായകരെ ഇന്നറിയാം
1587574
Friday, August 29, 2025 4:21 AM IST
കൂത്താട്ടുകുളം: നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 11ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് രണ്ടിന് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പും നടക്കുക. യുഡിഎഫ് ധാരണ പ്രകാരം കലാ രാജു ചെയർപേഴ്സൺ സ്ഥാനത്തേക്കും പി.ജി. സുനിൽകുമാർ വൈസ് ചെയർമാൻ സ്ഥാനത്തേക്കും മത്സരിക്കും. എൽഡിഎഫ് ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ചിന് നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ യുഡിഎഫിന് ഒപ്പംനിന്ന് സിപിഎം കൗൺസിലർ കലാ രാജുവും സ്വതന്ത്ര കൗൺസിലർ പി.ജി.സുനിൽകുമാറും വോട്ട് ചെയ്തതിനെ തുടർന്നാണ് നഗരസഭാ ഭരണം നി എൽഡിഎഫിന് നഷ്ടമായത്. ഇതേ തുടർന്നു വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിജി ഷാനവാസിന് ചെയർപേഴ്സന്റെ താൽക്കാലിക ചുമതല നൽകിയിരുന്നു.
യുഡിഎഫ് ധാരണപ്രകാരം ചെയർപേഴ്സൻ സ്ഥാനം യുഡിഎഫിലെ വനിതാ കൗൺസിലർമാരിൽ ഒരാൾക്ക് നൽകാനാണിരുന്നത്. ഇതിനിടെയാണ് കലാ രാജു ചെയർപേഴ്സൺ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്നത്. ഇതേ തുടർന്ന് ബുധനാഴ്ച വൈകുന്നേരം പിറവത്ത് ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
എൽഡിഎഫിൽനിന്ന് യുഡിഎഫിലേക്ക് എത്തിയ കൗൺസിലർ കലാ രാജുവിനെ ചെയർപേഴ്സൺ സ്ഥാനാർഥി ആക്കുന്നതിനും സുനിൽകുമാറിനെ വൈസ് ചെയർമാൻ സ്ഥാനാർഥിയാക്കുന്നതിനും ഐകകണ്ഠ്യേന തീരുമാനിച്ചു. അനൂപ് ജേക്കബ് എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ ചർച്ചയ്ക്ക് എത്തിയിരുന്നു.