പേപ്പതിയിൽ ടേക്ക്-എ ബ്രേക്ക് തുറന്നു
1587331
Thursday, August 28, 2025 5:02 AM IST
പിറവം: എറണാകുളം - നടക്കാവ് ഹൈവേ റോഡരികിൽ പേപ്പതി ജംഗ്ഷനിൽ ടേക്ക് - എ ബ്രേക്ക് മന്ദിരം തുറന്നു. വെളിയനാട് ചിന്മയാ അന്തർദേശീയ കേന്ദ്രം 35 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. വെളിയനാട്, എടക്കാട്ടുവയൽ, തിരുമറയൂർ ഭാഗങ്ങളിൽ നിന്നുള്ള റോഡ് കൂടിച്ചേരുന്ന പേപ്പതിയിൽ യാത്രക്കാർക്ക് വിശ്രമിക്കുന്നതിന് അപര്യാപ്തമായ സൗകര്യമായിരുന്നു ഉണ്ടായിരുന്നത്.
യാത്രക്കാരുടെ ബുദ്ധിമുട്ട് മനസിലാക്കി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാറും, മെമ്പർ എം. ആശിഷും ചിന്മയ അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ടെക് - എ ബ്രേക്കിന് അനുമതിയായത്. വിശാലമായ ബസ് കാത്തിരിപ്പ് കേന്ദ്രം, കടമുറി, അക്ഷയ കേന്ദ്രത്തിനുള്ള സൗകര്യം എന്നിവയും, താഴെയും മുകളിലുമായി ടോയ്ലറ്റുകൾ, ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ എന്നിവയുൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ചിന്മയ മിഷൻ സ്ഥാപനങ്ങളുടെ കേരള ഹെഡ് സ്വാമി വിവിക്താനന്ദ മന്ദിരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. അനുപ് ജേക്കബ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. അനിത. ബ്ലോക്ക് മെമ്പർ ജ്യോതി ബാലൻ, വൈസ് പ്രസിഡന്റ് സാലി പീറ്റർ, അംഗങ്ങളായ എം. ആശിഷ്, ജെസി പീറ്റർ, ബോബൻ കുര്യാക്കോസ്, ജൂലിയ ജെയിംസ്, മലബാർ എക്സ്ട്രൂഷൻസ് എംഡി ജെയിംസ് പോൾ എന്നിവർ പ്രസംഗിച്ചു.