കസവു ചേല ചുറ്റുന്ന ഓണക്കാലം
1587114
Wednesday, August 27, 2025 7:42 AM IST
ഓണക്കോടിയില്ലാതെ മലയാളിക്ക് എന്ത് ഓണാഘോഷം. ഓണനാളില്‍ പുതുവസ്ത്രം ധരിക്കുകയും പ്രിയപ്പെട്ടവര്‍ക്ക് ഓണക്കോടി സമ്മാനിക്കുകയും ചെയ്യുകയെന്നത് പരന്പരാഗതമായുള്ള രീതിയാണ്. തിരുവോണനാളില്‍ പ്രജകളെ കാണാന്‍ മഹാബലി എത്തുമ്പോള്‍ പുതുവസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങി വേണം സ്വീകരിക്കാന്‍ എന്നതാണ് ഓണക്കോടിക്കു പിന്നിലെ വിശ്വാസം. പൂക്കളമൊരുക്കുന്നതുപോലെ തന്നെ ഓണക്കോടി സമ്മാനിക്കലും ഇന്ന് ഓണത്തിന്റെ ചടങ്ങായി മാറി.
തെക്കന്‍ കേരളത്തില്‍ ഓണത്തിന് ബന്ധുക്കള്‍ പരസ്പരം ഓണക്കോടി സമ്മാനിക്കുന്ന പതിവുണ്ട്. പണ്ടൊക്കെ പഞ്ഞമാസമായ കര്‍ക്കിടകം കഴിഞ്ഞ് പുതുവസ്ത്രം കിട്ടുന്ന കാലം സമൃദ്ധിയുടെ ഓണത്തിനു മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പഴയ തലമുറ അതിനെ വലിയ പ്രാധാന്യത്തോടെയായിരുന്നു കണ്ടിരുന്നത്. കാലം മാറിയതോടെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പുതുവസ്ത്രം വാങ്ങാമെന്ന നിലയായി.
ഓണനാളുകളില്‍ കസവുടുക്കാനാണ് മലയാളിക്കു പ്രിയം. കസവുസാരികളും മുണ്ടുകളുമെല്ലാം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും ഓണക്കാലത്തുതന്നെയാണ്. കസവുസാരികളില്‍ മ്യൂറല്‍ ഡിസൈനുകളും കഥകളിയും താമരയും മയില്‍പ്പീലിയുമൊക്കെ ചെയ്ത ഹാന്‍ഡ് ഡിസൈന്‍ സാരികളും ആണ് പുത്തൻ ട്രെന്‍ഡ്. കരയും കസവുമൊക്കെയുള്ളവയ്ക്കും ആവശ്യക്കാരുണ്ട്. ദാവണികളിലും വെറൈറ്റി ഡിസൈനുകള്‍ ലഭ്യമാണ്. പുരുഷന്മാര്ക്കാണെങ്കില് ഷര്‍ട്ടിന്റെ നിറത്തിന് അനുസരിച്ചുള്ള മുണ്ടുകളും വിപണിയിലുണ്ട്. കൊച്ചുകുട്ടികള്‍ക്കായുള്ള കസവുവസ്ത്രങ്ങള്ക്കും ആവശ്യക്കാര്‍ ഏറെയാണ്.