ഓണപ്പൂക്കളമൊരുക്കാൻ കുമ്പളങ്ങിയിൽ ചെണ്ടുമല്ലിക്കൃഷി
1587328
Thursday, August 28, 2025 5:02 AM IST
ഫോർട്ടുകൊച്ചി: ഓണപ്പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേൽക്കാൻ കുമ്പളങ്ങിയിൽ ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞു. യുവസംരംഭകരായ സാദിഖ്, ബിജുകുട്ടൻ, ലിജിമോൻ എന്നിവരുടെ മൂന്നു മാസത്തെ അധ്വാനത്തിന്റെ ഫലമാണ് മഞ്ഞയും ഓറഞ്ചും നിറങ്ങളിൽ വിരിഞ്ഞ ഈ പൂക്കൾ.
തിരുവനന്തപുരത്ത് നിന്നും 3,500 തൈകളാണ് ഇവർ വാങ്ങിയത്. ഇപ്പോൾ 50,000ത്തിലേറെ പൂക്കൾ തോട്ടത്തിൽ വിരിഞ്ഞുനിൽക്കുന്നു. 65 ദിവസം കൊണ്ട് മൊട്ടിട്ടു. മൊട്ട് വിടരാൻ രണ്ടാഴ്ചയും. കുമ്പളങ്ങിയിൽ ആദ്യമായാണ് ചെണ്ടുമല്ലി കൃഷി നടത്തുന്നത്.
ജൈവ വളം മാത്രമാണ് ഇതിനുപയോഗിച്ചിരിക്കുന്നത്. ഓണനാളുകളിലെ കച്ചവട ലക്ഷ്യം മാത്രമല്ല, മനസിന് കുളിർമയേകുന്ന ഇവിടുത്തെ കാഴ്ച കാണാൻ സന്ദർശകരെത്തുന്നതും സന്തോഷം പകരുന്നതാണെന്നു മൂവരും പറഞ്ഞു.