മഴഭീതിയില്‍ ഓണം വിപണി; കുരുക്കിലായി നഗരവിഥീകള്
1587569
Friday, August 29, 2025 4:21 AM IST
കൊച്ചി: ഒരു വര്‍ഷത്തെ കാത്തിരിപ്പിന്റെ പ്രതീക്ഷയാണ് വ്യാപാരികള്‍ക്ക് ഓണംവിപണി. വലിയ കച്ചവടം പ്രതീക്ഷിച്ച് വ്യാപാരികള്‍, അപ്രതീക്ഷിതമായി പെയ്യുന്ന മഴ തിരിച്ചടിയുണ്ടാക്കുമോയെന്ന ഭീതിയിലാണ്. ഇന്നും ജില്ലയിലുള്‍പ്പെടെ മഴ പ്രവചിക്കുന്നുണ്ട്. ഓണക്കോടി വാങ്ങാനും ഓണസദ്യയും പൂക്കളവുമൊക്കെ ഒരുക്കുന്നതിനുമായി നിരത്തിലിറങ്ങിയ വാഹനയാത്രക്കാര്‍ മഴയെത്തുടര്‍ന്ന് രൂപപ്പെട്ട ഗതാഗതക്കുരുക്കില്‍പ്പെട്ട് വലയുന്ന കാഴ്ചയാണ്.
നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം രണ്ടു ദിവസം മുന്‍പേ തിരക്ക് തുടങ്ങി. മഴകൂടി പെയ്തതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.ബാനര്‍ജി റോഡിലും ഷണ്മുഖം റോഡിലും എസ്എ റോഡിലും സിവില്‍ലൈന്‍ റോഡിലുമൊക്കെ വാഹനങ്ങളുടെ നീണ്ടനിര പതിവുകാഴ്ചയായി.
ചങ്ങമ്പുഴ പാര്‍ക്ക് മുതല്‍ പത്തടിപ്പാലം വരെ ഇപ്പോള്‍ തന്നെ വലിയ കുരുക്കാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമൊക്കെ ഓണാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ തിരക്ക് ഇനിയും കൂടിയേക്കും.
വ്യാപാരസ്ഥാപനങ്ങള്‍ ഏറെയുള്ള എംജി റോഡിലും തിരക്കിന് കുറവില്ല. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതാണ് ഇവിടുത്തെ ബ്ലോക്കിന് പ്രധാന കാരണം. മേനക റോഡിലും ബ്രോഡ്വേയിലും സ്ഥിതി വിത്യസ്തമല്ല. കൂനിന്മേല് കുരു എന്ന പോലെ റോഡുകളുടെ ശോച്യാവസ്ഥയും ഗതാഗതതടസത്തിന് ഇടയാക്കുന്നുണ്ട്.