ഓണനാളുകളിൽ പരിശോധന കർശനമാക്കും: എംഎൽഎ
1587329
Thursday, August 28, 2025 5:02 AM IST
പെരുമ്പാവൂർ: അതിഥിത്തൊഴിലാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ ഓണക്കാലത്ത് പോലീസ്-എക്സൈസ് വകുപ്പുകളുടെ സംയുക്ത ഇടപെടലുകളിലൂടെ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
നമ്മുടെ പുതുതലമുറ വഴിതെറ്റി മയക്കുമരുന്ന് പോലുള്ളവക്ക് അടിമപ്പെടുന്നത് സമൂഹം ഗൗരവമായി കാണണമെന്നും ഇതു തടയുന്നതിനായി ബോധവത്കരണ ക്ലാസുകൾ മുതലായവ നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 10 വരെ ഭായി കോളനികൾ ഉൾപ്പെടെ അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ പരിശോധനകൾ കർശനമാക്കുകയും ബിവറേജസ് ഔട്ട്ലെറ്റുകളുടെ പരിസരത്ത് ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
അതിഥി തൊഴിലാളികൾ ജോലിചെയ്യുന്ന വിവിധ മേഖലകളായ പ്ലൈവുഡ്, ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഉൾപ്പെടെയുള്ളവരെ വിളിച്ചു ചേർത്ത് മീറ്റിംഗ് സംഘടിപ്പിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യും.
യോഗത്തിൽ കുന്നത്തുനാട് എക്സൈസ് ഇൻസ്പെക്ടർ എസ്. ബിനു, പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ടി.എം. സൂഫി , പെരുമ്പാവൂർ ഫയർ ഓഫീസർ സാബു വർഗീസ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.